ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ടീം ഇന്ത്യ തോറ്റാൽ പ്ലെയിംഗ് ഇലവനിൽ നിന്ന് കരുൺ നായരെ ഒഴിവാക്കുമെന്ന് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ അഭിപ്രായപ്പെട്ടു. എട്ട് വർഷത്തിന് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചുവന്ന വലംകൈയ്യൻ ബാറ്റർക്ക് ഇപ്പോൾ നടക്കുന്ന അഞ്ച് മത്സര പരമ്പരയിൽ രണ്ട് മികച്ച തുടക്കങ്ങൾ മാത്രമേ നേടിയിട്ടുള്ളൂ.
ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ നടന്ന ആദ്യ ടെസ്റ്റിന് ശേഷം കരുൺ നായർക്ക് മൂന്നാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. പക്ഷേ ഇതുവരെ താരം ഒരു മികച്ച സ്‌കോർ നേടിയിട്ടില്ല. ഇന്ത്യയ്ക്ക് 193 റൺസ് വിജയലക്ഷ്യം നൽകിയ രണ്ടാം ഇന്നിംഗ്സിൽ, രണ്ടാം ഓവറിൽ യശസ്വി ജയ്‌സ്വാൾ പുറത്തായതിന് ശേഷം നായർ ബാറ്റിംഗിനിറങ്ങി.
എന്നാൽ, പതിമൂന്നാം ഓവറിൽ, ബ്രൈഡൺ കാർസെയുടെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുരുങ്ങി. 14 റൺസാണ് താരം നേടിയത്. ലോർഡ്‌സ് ടെസ്റ്റ് ടീം ഇന്ത്യ വിജയിച്ചാൽ കരുണ് നായർക്ക് മറ്റൊരു അവസരം ലഭിച്ചേക്കാമെന്നും മറിച്ചായാൽ പുറത്താക്കപ്പെടുമെന്നും മൈക്കൽ വോൺ അഭിപ്രായപ്പെട്ടു.
“ഇന്ത്യ ജയിച്ചാൽ കരുൺ നായർ നന്നായിരിക്കും എന്ന് ഞാൻ കരുതുന്നു. ഇന്ത്യ തോറ്റാൽ അദ്ദേഹത്തിന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു. അതാണ് പതിവ്. ഇംഗ്ലണ്ട് തോറ്റാൽ, ഇംഗ്ലണ്ട് കളിക്കാരിൽ രണ്ടോ മൂന്നോ പേരെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരും. കരുൺ നായർക്ക്, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ജഡേജ എന്നിവർ ആത്മവിശ്വാസം നിലനിർത്തി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കേണ്ടതുണ്ട്. അവർ തോറ്റാൽ, അത് ഇപ്പോൾ വിശകലനം ചെയ്യുന്നതിനേക്കാൾ വളരെയധികം വിശകലനം ചെയ്യപ്പെടും,” വോൺ പറഞ്ഞു.