മാഞ്ചസ്റ്ററിൽ തന്റെ സെഞ്ച്വറി പ്രകടനത്തിലൂടെ കളി സമനിലയിലാക്കാനും ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി പരമ്പരയിൽ നിലനിൽക്കാനും ഇന്ത്യയെ സഹായിച്ചെങ്കിലും രവീന്ദ്ര ജഡേജ ഇപ്പോഴും ഇതിഹാസ താരം കപിൽ ദേവിനെപ്പോലെ “മാച്ച് വിന്നർ” അല്ലെന്ന് ഇന്ത്യൻ മുൻ താരം നവ്ജ്യോത് സിംഗ് സിദ്ദു. മാഞ്ചസ്റ്ററിൽ ബാറ്റ് ഉപയോഗിച്ച് ജഡേജ തന്റെ ക്ലാസ് കാണിക്കുകയും ഇംഗ്ലീഷ് ബോളർമാരെ പിന്നോട്ട് നിർത്തുകയും ചെയ്തു. വാഷിംഗ്ടൺ സുന്ദറിനൊപ്പം 203 റൺസിന്റെ കൂട്ടുകെട്ടും അദ്ദേഹം സ്ഥാപിച്ചു.
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ 113.50 ശരാശരിയിൽ 454 റൺസ് നേടിയ ജഡേജ ശുഭ്മാൻ ഗിൽ (722), കെ എൽ രാഹുൽ (511), റിഷഭ് പന്ത് (479) എന്നിവർക്ക് ശേഷം മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ താരമാണ്. എന്നിരുന്നാലും, മുമ്പ് ജഡേജയെ പ്രശംസിച്ച സിദ്ദു, വിദേശ മണ്ണിൽ ഇന്ത്യയ്ക്കായി മത്സരങ്ങൾ വിജയിക്കുന്നതിൽ ഓൾറൗണ്ടർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി. തന്റെ വാദം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം ഇതിഹാസ കപിൽ ദേവിനെ ഉദാഹരണമായി ഉപയോഗിച്ചു.
“ജഡേജയെ ഞാൻ വളരെയധികം പ്രശംസിച്ചിട്ടുണ്ട്. കപിൽ ദേവ് ഒരു ബോളിംഗ് ഓൾറൗണ്ടർ കൂടിയായിരുന്നു, വിദേശ രാജ്യങ്ങളിൽ ഇന്ത്യയ്ക്കായി ടെസ്റ്റുകൾ ജയിപ്പിച്ചു. എന്നാൽ ജഡേജ ഒരു സപ്പോർട്ടിംഗ് റോളിൽ മാത്രമേ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളൂ. അദ്ദേഹം തന്റെ ഓവറുകൾ വേഗത്തിൽ പൂർത്തിയാക്കുകയും റൺസിന്റെ ഒഴുക്ക് നിയന്ത്രിക്കുകയും ചെയ്യുന്നു. പക്ഷേ അദ്ദേഹത്തിന് ടെസ്റ്റ് മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിയില്ല, ആദ്യ ടെസ്റ്റ് മുതൽ ഇത് വ്യക്തമാണ്, “സിദ്ദു തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തിനിടെ ഒരു മുൻ താരം ജഡേജയെ വിമർശിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ പരാജയപ്പെട്ടതിന് അദ്ദേഹം ജഡേജയെ വിമർശിച്ചിരുന്നു. അഞ്ചാം ദിവസം 193 റൺസ് പിന്തുടരുന്നതിനിടെ ഇന്ത്യ 22 റൺസിന് പരാജയപ്പെട്ടപ്പോൾ ജഡേജയുടെ സമീപനം ചോദ്യം ചെയ്യപ്പെട്ടു.
ടെയിൽ എൻഡർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരുമായി ചേർന്ന് ജഡേജ റൺസ് ചേർത്തെങ്കിലും വിജയം നേടാനായില്ല. ജൂലൈ 31 ന് ഓവലിൽ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ആരംഭിക്കും.