ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ടീമിന് സാധിച്ചു. പ്രഭ്സിമ്രാന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും മികവിലാണ് പഞ്ചാബിന് വിജയികനായത്.
80 റൺസ് നേടിയ പ്രഭ്സിമ്രാന്റെ പ്രകടനവും 66 റൺസ് നേടിയ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് പ്രകടനവുമാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. 39 പന്തിൽ രണ്ട് സിക്‌സറും 11 ഫോറുകളും അടക്കമാണ് സിമ്രാൻ 80 റൺസ് നേടിയത്. വെറും 35 പന്തിൽ നാല് സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. പ്രിയാൻഷ് ആര്യ 15 റൺസും കൂപ്പർ കനോലി 17 റൺസും നേടി. തോൽവിക്ക് ശേഷം മുംബൈ നായകൻ ഹാർദിക് സംസാരിച്ചു.
“സത്യം പറഞ്ഞാൽ, എനിക്ക് ഇപ്പോൾ കൂടുതലൊന്നും പറയാനില്ല. ഞങ്ങൾക്ക് എവിടെയാണ് പിഴച്ചതെന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. വ്യക്തിഗതമായ പ്രശ്നങ്ങളാണോ, കൂട്ടായുള്ള വീഴ്ചയാണോ, അതോ പ്ലാനിംഗിലാണോ പാളിച്ചയുണ്ടായത് എന്ന് കണ്ടെത്തണം. പഞ്ചാബ് എല്ലാ മേഖലയിലും ഞങ്ങളെക്കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമോ, അതോ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഇങ്ങനെ തന്നെ മുന്നോട്ട് പോകണമോ എന്ന് ചിന്തിക്കണം. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും, തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം,” ഹാർദിക് വ്യക്തമാക്കി.