ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 101 റൺസിന് വിജയിച്ചിരുന്നു. ബോളർമാരുടെ സംഹാരതാണ്ഡവത്തിനായിരുന്നു പ്രോട്ടീസ് ഇരയായത്. ജസ്പ്രീത് ബുംറ, അർശ്ദീപ് സിങ്, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും, ഹാർദിക് പാണ്ട്യ, ശിവം ദുബൈ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.
എന്നാൽ ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. ശുഭ്മൻ ഗില്ലിന്റെ വരവോടെ സഞ്ജുവിന് വഴി മാറി കൊടുക്കേണ്ടി വന്നു. ടീമിലെ ഫിനിഷർ റോളിൽ ആകട്ടെ ജിതേഷ് ശർമ്മയെയുമാണ് പരിഗണിക്കുന്നത്. ഇപ്പോഴിതാ സഞ്ജുവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജിതേഷ് ശർമ്മ.
ജിതേഷ് ശർമ്മ പറയുന്നത് ഇങ്ങനെ:
“ഞങ്ങൾക്കിടയിൽ ആരോഗ്യ പരമായ മത്സരമാണുള്ളത്. സഞ്ജു എനിക്ക് സഹോദരനെ പോലെയാണ്. ആരോഗ്യപരമായ മത്സരം നിങ്ങളിലെ പ്രതിഭയെ പുറത്ത് കൊണ്ട് വരും. ടീമിന് ഇത് ഗുണകരമാണ്. സഞ്ജു ഇന്ത്യ കണ്ട മികച്ച കളിക്കാരിൽ ഒരാളാണ്. ഞങ്ങൾ രണ്ട് പേരും രാജ്യത്തിനായാണ് കളിക്കുന്നത്. ബാറ്റിങ്ങിലും കീപ്പിങ്ങിലുമൊക്കെ അദ്ദേഹം എന്നെ പലപ്പോഴും സഹായിക്കാറുണ്ട്” ജിതേഷ് പറഞ്ഞു.