ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രോഹിത് ശർമ്മയുടെ മോശം പ്രകടനത്തെക്കുറിച്ചുള്ള ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റിന്റെ വിലയിരുത്തലിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി രംഗത്തെത്തി. ആദ്യ രണ്ട് ഏകദിനങ്ങളിൽ 26 (29), 24 (38) എന്നിങ്ങനെയാണ് രോഹിത് റൺസ് നേടിയത്. ബുധനാഴ്ച രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിന് ശേഷം, മുൻ ഇന്ത്യൻ നായകൻ അത്ര താളത്തിലല്ലെന്നും അന്താരാഷ്ട്ര തലത്തിൽ വേണ്ടത്ര മാച്ച് പ്രാക്ടീസ് ഇല്ലാത്തതാണ് ഇതിന് കാരണമെന്നും ടെൻ ഡോഷേറ്റ് പറഞ്ഞിരുന്നു.
2024-ൽ ടി20യിൽ നിന്നും കഴിഞ്ഞ വർഷം ടെസ്റ്റിൽ നിന്നും രോഹിത് വിരമിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ഏകദിന ക്രിക്കറ്റ് മാത്രമാണ് കളിക്കുന്നത്. എങ്കിലും ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (KKR) ഒരുമിച്ച് കളിച്ചിരുന്ന കാലം മുതൽ ടെൻ ഡോഷേറ്റിനെ തനിക്ക് അറിയാമെന്നും അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നും എന്നാൽ രോഹിത്തിനെപ്പോലൊരു ഇതിഹാസ താരത്തെക്കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തുന്നത് അദ്ദേഹം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് തിവാരി അഭിപ്രായപ്പെട്ടു.
“എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, റയാൻ ടെൻ ഡോഷേറ്റ് നാല് വർഷം കെകെആറിൽ എന്റെ കൂടെ ഉണ്ടായിരുന്നു. അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നതിൽ സംശയമില്ല, പക്ഷേ അദ്ദേഹം നടത്തിയ പരാമർശം ഒന്നുകൂടി ആലോചിക്കേണ്ടതായിരുന്നു. അദ്ദേഹം നെതർലൻഡ്‌സിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനം പരിശോധിച്ചാൽ, ഒരു ബാറ്റർ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും രോഹിത് തന്റെ കരിയറിൽ നേടിയതിന്റെ 5 ശതമാനം പോലും വരില്ല,” തിവാരി പറഞ്ഞു.
ടെൻ ഡോഷേറ്റിന്റെ അഭിപ്രായങ്ങൾ ഏതൊരു കളിക്കാരന്റെയും ആത്മവീര്യം കെടുത്തുന്നതാണെന്ന് തിവാരി പറഞ്ഞു. ഇന്ത്യൻ ടീമിന് രോഹിത് നൽകിയ സംഭാവനകൾ അദ്ദേഹം എടുത്തുപറയുകയും തന്റെ പ്രസ്താവന പുനഃപരിശോധിക്കാൻ കോച്ചിനോട് ആവശ്യപ്പെടുകയും ചെയ്തു.
“ചാമ്പ്യൻസ് ട്രോഫി നേടി അദ്ദേഹം രാജ്യത്തിന് ഒരുപാട് സന്തോഷം നൽകിയിട്ടുണ്ട്. ടീം മാനേജ്‌മെന്റിന്റെ ഭാഗമായി ഇരുന്നുകൊണ്ട് സ്വന്തം കളിക്കാരനെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് താരങ്ങളെ നിരാശരാക്കും. എന്തിനാണ് അദ്ദേഹം അത് പറഞ്ഞതെന്ന് എനിക്കറിയില്ല. അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കണം. ഇത്തരം കമന്റുകൾ അദ്ദേഹം നടത്തരുതെന്നാണ് എനിക്ക് തോന്നുന്നത്,” മുൻ ബംഗാൾ നായകൻ കൂട്ടിച്ചേർത്തു.