മുഹമ്മദ് ഫവാസ്
ആന്‍ഡ്രോയ്ഡ് എന്ന് കേട്ടിട്ടുപോലും ഇല്ലാത്ത കാലത്ത്, സ്‌കൂളിലെത്തിയാല്‍ ഇന്റര്‍നെറ്റ് കണക്ഷനുളള ലൈബ്രറിയിലെ കംപ്യൂട്ടറാണ് സ്‌കോറുകള്‍ അറിയാനുളള ഏക മാര്‍ഗ്ഗം, അല്ലെങ്കില്‍ പിന്നെ വീട്ടിലെത്തണം.
ജയ്പൂരിലെ ക്ലാസിക്ക് ത്രില്ലര്‍ വിജയത്തിന്റെ ഹാങ്ങ് പോവുന്നതിന് മുമ്പ് തന്നെ രണ്ടാം ഏകദിനം തുടങ്ങി, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാം. മല്‍സരം നടക്കുന്നത് അതുവരെ കേട്ടിട്ടില്ലാത്ത ഗ്വാളിയോറിലെ സ്റ്റേഡിയത്തിലാണ്. ലന്‍ച് ബ്രേക്കിനിടെ ഇന്ത്യയാണ് ആദ്യം ബാറ്റിംഗ് എന്നറിഞ്ഞതോടെ ആവേശമായി, ഒപ്പം ഇന്ത്യയുടെ ബാറ്റിംഗ് പകുതി കാണാനാകില്ലല്ലോ എന്ന ഒരല്‍പം നിരാശയും.
ഏതായാലും കളി തുടങ്ങി, തുടക്കത്തില്‍ തന്നെ വീരു പുറത്തായി. വൈകീട്ട് ബ്രേക്കിന് വീണ്ടും സ്‌കോര്‍ നോക്കാന്‍ ഓടുംബോള്‍ രണ്ടുപേരും ഔട്ടാവരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. വീരു പുറത്തായെങ്കിലും സച്ചിനൊപ്പം കാര്‍ത്തിക് നല്ല ഫോമിലാണ്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് എത്തിയപ്പോഴേക്കും സച്ചിന്‍ സെഞ്ച്വറി പിന്നിട്ടിരുന്നു. വീട്ടിലെത്തി ടി.വി തുറന്ന് ആദ്യം തന്നെ കണ്ടത് യൂസുഫിന്റെ കിഡിലന്‍ സിക്‌സറാണ്. പെട്ടന്ന് തന്നെ യൂസഫ് പുറത്തായെങ്കിലും പിന്നീട് സച്ചിന്‍ കടന്നാക്രമിക്കുന്നതാണ് കണ്ടത്.
നാല്‍പത് ഓവറില്‍ തന്നെ 150 കടന്നെങ്കിലും ഏകദിനത്തിലെ ഡബിള്‍ സെഞ്ച്വറിയെ കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത കാലമായിരുന്നു അത്. എങ്കിലും സച്ചിന്‍ 180 എത്തിയ സമയം ഓവറുകള്‍ വീണ്ടും ബാക്കിയാണെന്ന് മനസ്സിലാക്കിയ സമയം അടിവയറ്റില്‍ തീപ്പൊരി വീണു. പിന്നീടങ്ങോട്ട് ഓരോ റണ്‍സിനും ആ പൊരി ആളിക്കത്തി. സച്ചിനും ആ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. കാരണം പിന്നീട് ആല്‍പം മന്ദഗതിയിലായിരുന്നു സ്‌കോറിംഗ്,അല്ല സച്ചിന്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ കുറവായിരുന്നു എന്ന് തന്നെ പറയാം.
കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യം വെച്ച് സ്വയം പ്രൊമോട്ട് ചെയ്ത് ഇറങ്ങിയ ക്യാപ്റ്റന്‍ ധോണി ഗ്വാളിയോറില്‍ വെടിക്കെട്ടിന് തിരി കൊളുത്തിയിരുന്നു. അപ്പോഴേക്ക് മല്‍സരങ്ങള്‍ കേരളമടക്കം എല്ലാ ദേശീയ ചാനലുകളും ഏറ്റുപിടിച്ചിരുന്നു. ചരിത്രമുഹൂര്‍ത്തത്തിനായുളള കാത്തിരിപ്പില്‍ പലരുടെയും അഡ്രിനാലിന്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.
സച്ചിനെ ഒരു വലിയ നേട്ടം കാത്തിരിക്കുന്നുണ്ടെന്ന് അറിയാത്തത് അപ്പോള്‍ ധോണി മാത്രമായിരിക്കണം. കാരണം അങ്ങേരുടെ കണ്ണ് ടീമിന്റെ സ്‌കോറില്‍ മാത്രമാണ്. ധോണിയെ ആദ്യമായിട്ടും അവസാനമായിട്ടും ഒരുപക്ഷെ എന്നെപ്പോലെ കളി കണ്ടുനിന്ന ഓരോ ഭാരതീയനും പ്രാകിയ നിമിഷങ്ങള്‍. ഒടുവില്‍ ചാള്‍സ് ലാങ്ങ്വെല്‍റ്റിന്റെ അവസാന ഓവറിലെ മൂന്നാം പന്തില്‍ പോയിന്റിലേക്ക് തട്ടിയിട്ട് 200 തികക്കുമ്പോൾ മനസ്സില്‍ വലിയൊരു നൊമ്പരമായി കൊണ്ടുനടന്നിരുന്ന ആ കടം വീടുകയായിരുന്നു. 2009 ല്‍ ന്യൂസിലൻഡ് സന്ദര്‍ശിച്ച ഇന്ത്യന്‍ ടീമിന്റെ ക്രൈസ്റ്റ് ചര്‍ച്ചില് മൂന്നാം ഏകദിനത്തില്‍ 163 റണ്‍സില്‍ നില്‍ക്കെ ഒരുപാട് ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ സച്ചിന്‍ പരിക്കേറ്റ് മടങ്ങിയത് നൊമ്പരമായിരുന്നു. അന്ന് സച്ചിന്‍ 200 എന്ന മാന്ത്രികസംഖ്യ തൊട്ടേനെ എന്ന് ഇന്നും വിശ്വസിക്കുന്നു. ഏതായാലും അധികം വൈകാതെ ആ ദുഃഖം മാറി.

ദൈവത്തെ സ്തുതിച്ച് കാണികളെ അഭിവാദ്യം ചെയ്യുമ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ സുരേഷ് റൈന ക്രിക്കറ്റ് ദൈവത്തെ തൊഴുതു. കുട്ടിക്കാലം അവിസ്മരണീയമാക്കിയ നിയോ ക്രിക്കറ്റിന് വേണ്ടി കമന്ററി ബോക്‌സില്‍ രവിശാസ്ത്രി പറഞ്ഞു- ‘He gets it there, Sachin Tendulkar the the firat ever man in the planet to score a double hundred in one day internationals. ‘
പിറ്റേന്ന് സ്‌കൂളിലെ ഓരോ ക്ലാസുകളിലേക്കും അനുവദിക്കപ്പെട്ട ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ഇന്നേ ദിവസത്തിന്റെ ആദ്യ പേജില്‍ തന്നെ ഇങ്ങനെ എഴുതി ‘GOD’
അതെ അതിലുണ്ട് എല്ലാം, അതിനപ്പുറം ഒന്നുമില്ല. ഓര്‍മ്മകളില്‍ സച്ചിന്റെ 200.. ക്രിക്കറ്റ് ദൈവത്തിന് പിറന്നാള്‍ ആശംസകള്‍..
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍