ഏകദിനത്തില്‍ മൂന്നാം നമ്പറെന്നത് സഞ്ജു സാംസണിനു അത്ര അനുയോജ്യമായ ബാറ്റിംഗ് പൊസിഷന്‍ അല്ലെന്നു ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ അഭിനവ് മുകുന്ദ്. രണ്ടാം ഏകദിനത്തിലെ സഞ്ജുവിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. രണ്ടാം ഏകദിനത്തില്‍ മൂന്നാം നമ്പരിലിറങ്ങിയ സഞ്ജു 19 ബോള്‍ നേരിട്ട് 9 റണ്‍സ് മാത്രമാണ് നേടിയത്.
സാധാരണയായി സഞ്ജു ഏകദിനത്തില്‍ ഈ പൊസിഷനില്‍ അധികം കളിക്കാറില്ല. നാല്, അഞ്ച് പൊസിഷനുകളിലാണ് അദ്ദേഹം കൂടുതലും ബാറ്റ് ചെയ്തിരിക്കുന്നത്. കളിച്ച ഒമ്പതു ഏകദിനങ്ങളില്‍ മധ്യനിരയിലാണ് സഞ്ജു കളിച്ചത്. ഇവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുമായിട്ടുണ്ട്.
രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ സഞ്ജു സാംസണിനു നേരിടാനായത് വെറും 19 ബോളുകളാണ്. അതിനാല്‍ തന്നെ ഈ ഇന്നിങ്സില്‍ നിന്നും നിങ്ങള്‍ക്കു കൂടുതലൊന്നും വായിച്ചെടുക്കാന്‍ കഴിയില്ല. മാത്രമല്ല മൂന്നാം നമ്പറിലാണ് സഞ്ജുവിന് ബാറ്റ് ചെയ്യേണ്ടി വന്നത്. അടുത്ത രണ്ട്- മൂന്നു വര്‍ഷത്തേക്കു അദ്ദേഹത്തിനു ഇനി ഈ സ്ഥാനം ലഭിക്കാനും പോവുന്നില്ല.
സഞ്ജു പ്രാഥമികമായി ഒരു ബാറ്ററാണ്. ഇതുവരെ ലഭിച്ചിരിക്കുന്ന അവസരങ്ങളേക്കാള്‍ കൂടുതല്‍ അദ്ദേഹം അര്‍ഹിക്കുന്നതായി ഞാന്‍ കരുതുന്നു. സഞ്ജുവിനു അതു ലഭിക്കുകയാണെങ്കില്‍ തനിക്കു ഏറ്റവും യോജിക്കുന്ന ബാറ്റിംഗ് പൊസിഷനില്‍ കളിക്കുകയും വേണം. അതു നാലാം നമ്പറോ, അല്ലെങ്കില്‍ അഞ്ചാം നമ്പറോ ആയിരിക്കാം- അഭിനവ് മുകുന്ദ് പറഞ്ഞു.