ന്യുസിലാൻഡിനെതിരെ നടന്ന അവസാന ഏകദിന മത്സരത്തിൽ ഇന്ത്യ വീണ്ടും തോറ്റിരുന്നു. ഇതോടെ ഏകദിന പരമ്പര കീവികൾ 2-1 നു സ്വന്തമാക്കി. 41 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി വിരാട് കോഹ്ലി, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്‌ഡി എന്നിവർ മാത്രമാണ് തിളങ്ങിയത്. കീവികൾക്ക് വേണ്ടി സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് 337 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.
അവസാന മത്സരത്തിൽ 338 പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി 124 റൺസ് നേടി തിളങ്ങാൻ വിരാടിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ഫോം തെളിയിക്കാനായി കോഹ്‌ലി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കേണ്ടതില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കരിയറിലെ പീക്ക് ഫോമിലാണ് കോഹ്‌ലിയെന്നും ഈ സമയത്ത് അദ്ദേഹത്തോട് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിക്കാൻ പറയുന്നത് ബാലിശമാണെന്നും കൈഫ് പറഞ്ഞു.
” ആദ്ദേഹം വരുന്നു, റണ്‍സ് സ്ഥിരതയോടെ നേടുന്നു, സെഞ്ച്വറികളും നേടുന്നു, ലണ്ടനിലേക്ക് മടങ്ങുന്നു. നിരന്തരം ക്രിക്കറ്റ് കളിക്കാത്ത സാഹചര്യങ്ങളില്‍ ഇതുപോലെ സ്ഥിരതപുലര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. അദ്ദേഹത്തിന്റെ പാഷന്‍, ശാരീരിക ക്ഷമത, രാജ്യത്തിന് വേണ്ടി കളിക്കുന്നതിലുള്ള അഭിമാനം, കളിയേക്കുറിച്ചുള്ള അറിവ്, തയാറെടുപ്പ്, ഇതൊന്നും പകരം വെക്കാന്‍ കഴിയുന്നതല്ല. എല്ലാവരെയും അളക്കുന്ന പോലെ അദ്ദേഹത്തെ അളക്കാനാവില്ല” കൈഫ് പറഞ്ഞു.