2025 ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെക്കുറിച്ച് വിദേശ വിദഗ്ദ്ധർ അഭിപ്രായങ്ങൾ പറയുന്നതിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ ശക്തമായ വിമർശനവുമായി രംഗത്ത്. വിദേശ ക്രിക്കറ്റ് താരങ്ങൾ സ്വന്തം രാജ്യങ്ങളുടെ ടീമിനെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ ഉറച്ചുനിൽക്കണമെന്നും ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കയറി ‘എരിതീയിൽ എണ്ണ’ ചേർക്കരുതെന്നും ഗവാസ്‌കർ പറഞ്ഞു.
ഏഷ്യാ കപ്പ് ടീമിൽ ഇടം നേടാൻ അർഹതയുള്ള ചില കളിക്കാരെക്കുറിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ അഭിപ്രായപ്പെട്ടതിനുള്ള മറുപടിയായാണ് ഗവാസ്കറുടെ പ്രതികരണം. ശ്രേയസ് അയ്യരെ ടീമിൽനിന്ന് തഴഞ്ഞതിനെതിരെ ക്രിക്കറ്റ് ലോകത്തുനിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
“ഇന്ത്യൻ ക്രിക്കറ്റുമായി യാതൊരു പങ്കുമില്ലാത്ത, അതേക്കുറിച്ച് വളരെ കുറച്ച് അറിവുള്ള വിദേശികൾ ചർച്ചകളിൽ ഏർപ്പെടുകയും എരിതീയിൽ എണ്ണ ഒഴിക്കുകയും ചെയ്യുന്നത് അമ്പരപ്പിക്കുന്നതാണ്. കളിക്കാർ എന്ന നിലയിൽ അവർ എത്ര മികച്ചവരായാലും, ഇന്ത്യയ്ക്ക് എത്ര തവണ അവർ പിന്തുണ നൽകിയിട്ടുണ്ടെങ്കിലും, ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് അവരുടെ കാര്യമല്ല.”
“അവർ അവരുടെ രാജ്യത്തെ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ. നമ്മൾ ഇന്ത്യക്കാർ നമ്മുടെ ക്രിക്കറ്റിനെക്കുറിച്ച് വിഷമിക്കട്ടെ. അതിശയകരമെന്നു പറയട്ടെ, അവരുടെ രാജ്യത്തെ ടീമുകളെ തിരഞ്ഞെടുക്കുമ്പോൾ, അവരിൽ നിന്ന് ആ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല,” ഗവാസ്‌കർ പറഞ്ഞു.