ഇന്നലെ ഏഷ്യ കപ്പിൽ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒമാനെതിരെ 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിനെതിരെ ഒമാൻ ശക്തമായി പൊരുതി വീണു. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് തോൽവി ഭീഷണി വരെ നൽകാൻ ഒമാന് സാധിച്ചു. ആദ്യ രണ്ട് മത്സരത്തിലും അനായാസം വിജയിച്ച ഇന്ത്യക്ക് ഒമാൻ നേരിയ വെല്ലുവിളി ഉയർത്തി.
ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിംഗിൽ ഇന്ത്യക്കായി മലയാളി താരം സഞ്ജു സാംസൺ 45 പന്തിൽ 3 സിക്‌സും 3 ഫോറും അടക്കം 56 റൺസ് നേടി പ്ലയെർ ഓഫ് ദി മാച്ചുമായി. കൂടാതെ ഓപണർ അഭിഷേക് ശർമ്മ 38 റൺസും, തിലക്ക് വർമ്മ 29 റൺസും, അക്‌സർ പട്ടേൽ 26 റൺസും നേടി. ബോളിങ്ങിൽ ഹാർദിക് പാണ്ട്യ, കുൽദീപ് യാദവ്, അർശ്ദീപ് സിങ്, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.
ഇനി സൂപ്പർ ഫോറിൽ ഇന്ത്യ പാകിസ്താനെയാണ് നേരിടുക. ആദ്യ മത്സരത്തിൽ വിജയിച്ചത് കൊണ്ട് തന്നെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് എളുപ്പത്തിൽ വിജയിക്കാനാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ ജസ്പ്രീത് ബുംറയെ പാകിസ്താനെതിരെ കളിപ്പിക്കരുതെന്ന് പറഞ്ഞിരിക്കുകയാണ് സുനിൽ ഗവാസ്കർ.
സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:
“ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പാകിസ്താനെതിരേ പോലും അവനെ നമുക്കു ആവശ്യമില്ല. അങ്ങനെയെങ്കില്‍ 28നു ഞായറാഴ്ച (ഫൈനല്‍) നടക്കാനിരിക്കുന്ന വലിയ പോരാട്ടത്തില്‍ ബുംറയുടെ സേവനം ലഭ്യമാവും. ഇന്ത്യ അതായിരിക്കണം ശ്രദ്ധിക്കേണ്ടത്. ഇതോടെ ബെഞ്ചിലിരിക്കുന്ന ഒരാളെ തീര്‍ച്ചയായും ടീമിലുള്‍പ്പെടുത്തേണ്ടതും ആവശ്യമായി വരും. പക്ഷെ ബുംറയ്ക്കു വിശ്രമം നല്‍കിയേ തീരൂ” സുനിൽ ഗവാസ്കർ പറഞ്ഞു.