ഗ്രൗണ്ടില്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതിന് ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയ്‌ക്കെതിരെ നടപടി സ്വീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. 2,500 ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ വിധിച്ചതിനൊപ്പം ഒരു മത്സരത്തില്‍ നിന്ന് താരത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
മെല്‍ബണ്‍ സ്റ്റാര്‍സും സിഡ്നി തണ്ടേഴ്സും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് സാംപയുടെ വാക്കുകള്‍ അതിരു വിട്ടത്. തന്റെ മൂന്നാം ഓവര്‍ കഴിഞ്ഞതിന് പിന്നാലെ മോശം വാക്കുകള്‍ സാംപ പറയുന്നത് സ്റ്റമ്പ് മൈക്കില്‍ പതിയുകയായിരുന്നു. അധികം റണ്‍സ് വഴങ്ങിയതാണ് സാംപയെ പ്രകോപിപ്പിച്ചത്.
സാംപയ്‌ക്കെതിരെ ഇതിനു മുമ്പും അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ നടപടിയെടുത്തിരുന്നു. കഴിഞ്ഞ ബിഗ് ബാഷ് ലീഗ് സീസണില്‍ ബ്രിസ്ബെയ്ന്‍ ഹീറ്റിനെതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിന് സാംപയ്‌ക്കെതിരെ നടപടി എടുത്തിരുന്നു.
അതേസമയം, നിലവിലെ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ മെല്‍ബണ്‍ സ്റ്റാര്‍സ് പാടുപെടുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന അവര്‍ നിലവില്‍ തങ്ങളുടെ അഞ്ച് കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രം വിജയിച്ച് അഞ്ചാം സ്ഥാനത്താണ്.