ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഒക്ടോബർ 29 ന് കാൻബറയിലെ മനുക്ക ഓവലിൽ ആരംഭിക്കും. സിഡ്നിയിൽ ഒമ്പത് വിക്കറ്റിന്റെ ആധിപത്യ വിജയത്തോടെ ഇന്ത്യ ഏകദിന പരമ്പരയിൽ വൈറ്റ്‌വാഷ് ഒഴിവാക്കിയതിന് ശേഷം, ഇരു ടീമുകളും ഇപ്പോൾ ടി20 മത്സരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ടി20 പരമ്പരയിലെ സ്കോർലൈൻ പ്രവചിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഓസീസിന്റെ മുന്‍ വെടക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റ്.
അഞ്ചു ടി20കളുടെ പരമ്പര 3-2നായിരിക്കും അവസാനിക്കുകയെന്നാണ് ഗില്ലിയുടെ പ്രവചനം. പക്ഷെ ജയിക്കുന്ന ആ ടീം ആരാണെന്നു മാത്രം അദ്ദേഹം പറഞ്ഞില്ലെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. 3-2 ആയിരിക്കും പരമ്പരയിലെ സ്‌കോര്‍ ലൈന്‍. എന്നു മാത്രമേ ഗില്‍ക്രിസ്റ്റ് പറഞ്ഞുള്ളു.
ഈയൊരു സ്‌കോറുമായി (3-2) തന്നെ നിങ്ങള്‍ ഉറങ്ങൂ. ആര്‍ക്കാണ് മൂന്നു കിട്ടിയതെന്നും ആര്‍ക്കാണ് രണ്ടെന്നും സ്വന്തം മനസ്സ് കൊണ്ടു ആലോചിക്കൂയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ഗില്‍ക്രിസ്റ്റ് വിജയികളായി തിരഞ്ഞെടുത്ത ഈ ആ ടീം ആരായിരിക്കുമെന്ന് ആലോചിച്ച് തലുപകയ്ക്കുകയാണ് ആരാധകർ.
അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ശ്രദ്ധിക്കേണ്ട താരം ആരാണെന്നും ഗിൽക്രിസ്റ്റ് ചൂണ്ടിക്കാട്ടി. ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീം ഭയക്കേണ്ട ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിംഗാണെന്നാണ് ഗിൽക്രിസ്റ്റ് പറഞ്ഞത്.
അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കായി നിലവില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അര്‍ഷ്ദീപാണെന്നു എനിക്കു തോന്നുന്നു. അതുകൊണ്ടു തന്നെ അഞ്ചു ടി20കളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ ശ്രദ്ധിക്കേണ്ടതും അദ്ദേഹത്തെയാണെന്നു ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.