ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്താതിരുന്നതിൽ തുറന്നടിച്ച് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുളള താരമാണ് സർഫറാസ് ഖാൻ. അരങ്ങേറ്റ മത്സരം തൊട്ടുതന്നെ യുവതാരം വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. നിർണായക മത്സരങ്ങളിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനായി ഇംപാക്ടുളള ബാറ്റിങ് പ്രകടനങ്ങളും സർഫറാസ് കാഴ്ചവച്ചു.
എന്നിട്ടും ഇംഗ്ലണ്ടിൽ കളിപ്പിക്കാതിരിക്കാനുള്ള എന്ത് തെറ്റാണ് സർഫറാസ് ചെയ്തതെന്നും ഒരാളെ മുൻവിധികളോടെ കാണരുതെന്നും ബിസിസിഐയോട് ആകാശ് ചോപ്ര തുറന്നടിച്ചു. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുൻപ് തന്റെ ശരീര ഭാരം കുറച്ചുവരെ സീരീസിനായി സർഫറാസ് ഒരുങ്ങിയിരുന്നു. അവന്റെ ഏറെ നാളത്തെ അധ്വാനം അതിലുണ്ടായിരുന്നു, എന്നാൽ ബിസിസിഐ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും ആകാശ് ചോപ്ര കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ 150 റണ്‍സ് നേടി സർഫറാസ് തിളങ്ങിയിരുന്നു. എന്നാൽ പിന്നീട് നടന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഒരു മത്സരത്തിൽ പോലും താരത്തെ കളിപ്പിച്ചില്ല. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിലും സർഫറാസിന് സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ത്യൻ എ ടീമിലുണ്ടായിരുന്ന താരം ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തിൽ 90 റണ്‍സടിച്ച് തന്റെ ബാറ്റിങ് മികവ് വീണ്ടും കാണിച്ചുതന്നു.