ബുധനാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിന് തയ്യാറെടുക്കുന്നതിനിടെ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കുകയാണെങ്കിൽ പരമ്പര 3-0ന് ഇംഗ്ലണ്ട് തോറ്റാലും പ്രശ്‌നമില്ലെന്ന് ഇടംകയ്യൻ ബാറ്റർ അവകാശപ്പെട്ടു.
ആദ്യ രണ്ട് ഏകദിനങ്ങളും നാല് വിക്കറ്റിന് തോറ്റ ഇംഗ്ലണ്ട് പരമ്പര കൈവിട്ടു, ബുധനാഴ്ച വൈറ്റ്വാഷ് ഒഴിവാക്കാനാണ് ഇറങ്ങുന്നത്. ഇംഗ്ലണ്ട് ഓപ്പണർമാർ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, മധ്യനിരയുടെ മോശം പ്രകടനമാണ് ഈ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെ തകർത്തത് എന്ന് പറയാം.
ഞായറാഴ്ച കട്ടക്കിൽ നടന്ന രണ്ടാം ഏകദിനത്തിന് ശേഷം സംസാരിച്ച ഡക്കറ്റ്, ഇംഗ്ലണ്ട് ശരിയായ സമയത്ത് ഫോമിൽ എത്തുമെന്ന് പറഞ്ഞു.
“ഞങ്ങൾ ഇവിടെ വന്നത് ഒരു കാര്യത്തിനാണ്, അത് ചാമ്പ്യൻസ് ട്രോഫി നേടാനാണ്. ഞങ്ങൾ ഇന്ത്യയോട് 3-0ന് തോറ്റാൽ, ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ അവരെ തോൽപ്പിക്കുന്നിടത്തോളം കാലം അതൊന്നും കാര്യമാക്കേണ്ടതില്ല. ഇന്ത്യയോട് വളരെ പൊരുതിയ ഞങ്ങൾ ഇത്തവണത്തെ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയില്ല. ഞങ്ങൾ പോസിറ്റീവുകൾ എടുക്കും.”
അതേസമയം ചാമ്പ്യൻസ ട്രോഫിക്ക് ഇറങ്ങുന്ന ഇംഗ്ലണ്ട് ടീമിന് ഏറ്റവും വലിയ ആശങ്ക ബോളർമാരുടെ മോശം ഫോമാണ്.