പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് സ്ഥാപക നേതാവുമായ ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടതായ വിവരം പാകിസ്ഥാനിലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുമ്പോഴും പലകുറി ഉയര്‍ന്നുവന്ന സോഷ്യല്‍ മീഡിയ പ്രചരണം പോലെ തള്ളിക്കളയാനാകാത്ത അവസ്ഥയിലാണ് മുന്‍ ക്രിക്കറ്റ് താരവും പാക് പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ ഖാന്റെ കുടുംബം. അഴിമതി കേസില്‍ ജയിലറയിലായ ഇമ്രാന്‍ ഖാനെ കുറിച്ച് കഴിഞ്ഞ ഒരു മാസമായി ഒരു വിവരവും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെന്നതും കുടുംബത്തെ കാണാന്‍ അനുവദിച്ചിട്ടില്ലെന്നതുമാണ് സംശയം കനക്കാന്‍ ഇടയാക്കിയിരിക്കുന്നത്.
പാകിസ്ഥാന്‍ സര്‍ക്കാര്‍ ഒരു മാസത്തിലേറെയായി ഇമ്രാന്‍ഖാനെ സന്ദര്‍ശിക്കുന്നതിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനിടയില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയാണ് ഇമ്രാന്‍ ഖാനെ കൊലപ്പെടുത്തിയതെന്ന സംശയമടക്കം സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ വലിയ പ്രചാരണം കൊലപാതകവുമായി ബന്ധപ്പെട്ട് ഉയരുമ്പോഴും പാക് സര്‍ക്കാറോ ജയില്‍ അധികൃതരോ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നതും സംശയം ബലപ്പെടുത്തുന്നുണ്ട്. ഇമ്രാന്‍ ഖാനെ കാണണമെന്നാവശ്യപ്പെട്ട് റാവല്‍പിണ്ടിയിലെ അഡിയാല ജയിലിനു മുന്നില്‍ പ്രതിഷേധിച്ച ഇമ്രാന്റെ സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും രാജ്യത്തെ പ്രധാന പാര്‍ട്ടികളിലൊന്നിന്റെ പ്രസിഡന്റുമായ ഇമ്രാന്‍ ഖാന്‍ ജയിലില്‍ മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തെ കാണണമെന്ന ആവശ്യവുമായി ചെന്ന സഹോദരിമാര്‍ പൊലീസ് തങ്ങളെ ക്രൂരമായി ആക്രമിച്ചതായും പരാതി പറയുന്നു. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് തടിച്ചുകൂടിയ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) അനുയായികളേയും പൊലീസ് ആക്രമിച്ചതായി ഖാന്റെ സഹോദരിമാരായ നൊരീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവര്‍ ആരോപിച്ചു.
73കാരനായ ഇമ്രാന്‍ ഖാന്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2023 മുതല്‍ ജയിലിലാണ്. ഇമ്രാന്‍ ഖാന്‍ പൂര്‍ണ്ണമായും ഏകാന്ത തടവിലായിരുന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് പറയുന്നത്. പുസ്തകങ്ങള്‍, അവശ്യവസ്തുക്കള്‍, അഭിഭാഷകരിലേക്കുള്ള പ്രവേശനം എന്നിവ പോലും തടയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ നിയമസംഘവുമായി ബന്ധപ്പെട്ട ഒരു അഭിഭാഷകന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ”ഇവിടെ കാട്ടിലെ നിയമമാണ് നിലനില്‍ക്കുന്നതെന്നും ഭരിക്കുന്ന മൃഗങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂ. മറ്റാര്‍ക്കും അവകാശങ്ങളില്ലെന്നും അഭിഭാഷകന്‍ ഖാലിദ് യൂസഫ് ചൗധരി രോഷാകുലനായി പ്രതികരിച്ചു. ഖൈബര്‍-പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി സൊഹൈല്‍ അഫ്രീദിക്ക് പോലും ഖാനെ കാണാന്‍ അനുവാദം സര്‍ക്കാര്‍ നല്‍കിയില്ല. ജയിലില്‍ അദ്ദേഹത്തെ കാണാന്‍ അഫ്രീദി തുടര്‍ച്ചയായി ഏഴ് തവണ ശ്രമിച്ചു, പക്ഷേ ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് അനുമതി നിഷേധിച്ചുവെന്നും ആരോപണം ഉണ്ട്. ഇതോടെയാണ് പാകിസ്ഥാന്‍ ചാര സംഘടന ഇമ്രാനെ കൊലപ്പെടുത്തിയെന്നും നിലവിലെ പാക് പട്ടാള മേധാവി അസിം മുനീര്‍ പട്ടാള ഭരണത്തിനായി അടുത്ത അട്ടിമറി നടത്തിയെന്നും പാകിസ്ഥാനില്‍ പ്രചരിക്കുന്നത്. അസിം മുനീറും ഐഎസ്‌ഐയും ചേര്‍ന്ന് ഇമ്രാന്‍ ഖാനെ ജയിലില്‍ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് പുറത്തുവരുന്നതെന്ന് തര്‍ക്കപ്രദേശമായ ബലൂചിസ്താനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്‌സ് അക്കൗണ്ടിലെ പോസ്റ്റില്‍ പറയുന്നു.