അഫ്ഗാൻ പൗരന്മാരുടെ ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്. വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ അഫ്ഗാൻ പൗരൻ പിടിയിലായ സംഭവത്തിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി. അഫ്ഗാൻ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷൻ അപേക്ഷകളുടെയും പ്രോസസിങ് അനിശ്ചിതമായി നിർത്തിവെച്ചിരിക്കുകയാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്.
സുരക്ഷാ, പരിശോധനാ നടപടിക്രമങ്ങൾ പുനഃപരിശോധിക്കുന്നത് വരെ, അഫ്ഗാൻ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷൻ അപേക്ഷകളും അനിശ്ചിതകാലത്തേക്ക് ഉടനടി നിർത്തിവെക്കുന്നുവെന്നും രാജ്യത്തിന്റെയും അമേരിക്കൻ ജനതയുടെയും സംരക്ഷണവും സുരക്ഷയുമാണ് ഏക ലക്ഷ്യവും ദൗത്യവുമെന്നും ഇമിഗ്രേഷൻ സർവീസസ് എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നിന്ന് ഏതാനും ബ്ലോക്കുകൾ മാത്രം അകലെ വെച്ച് നടന്ന ആക്രമണം നടത്തിയത് 29-കാരനായ അഫ്ഗാൻ പൗരൻ റഹ്മാനുള്ള ലകൻവാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് നേരെ വെടിയുതിർത്ത ഇയാളെ പോലീസ് വെടിവെച്ചാണ് പിടികൂടിയത്. ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് ഓപ്പറേഷൻ അലൈസ് വെൽക്കം പദ്ധതി പ്രകാരം 2021 സെപ്റ്റംബർ 8-നാണ് ലകൻവാൾ അമേരിക്കയിലെത്തിയതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്‌സ് പറഞ്ഞു. അതേസമയം ആക്രമണത്തെ അതിരൂക്ഷ ഭാഷയിലാണ് പ്രസിഡന്റ് ട്രംപ് അപലപിച്ചത്. അഫ്ഗാനിസ്ഥാനെ ഭൂമിയിലെ നരകം എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഈ ഹീനമായ ആക്രമണം തിന്മയുടെയും വിദ്വേഷത്തിന്റെയും ഭീകരതയുടെയും പ്രവൃത്തിയാണെന്ന് വിമർശിച്ചു.