ഇറാനെതിരെ നടക്കുന്ന യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് അമേരിക്കൻ നേതാക്കൾ. നിരവധി സെനറ്റർമാരാണ് ഇറാനെതിരെയുള്ള യുഎസ് ആക്രമണം ശരിയായ നടപടിയല്ല എന്ന വാദം ഉയർത്തുന്നത്. പ്രതിപക്ഷ നേതാക്കൾ മാത്രമല്ല, സ്വതന്ത്ര സെനറ്റർമാരും എതിരഭിപ്രായവുമായി രംഗത്തുണ്ട്.
പശ്ചിമേഷ്യയിലെ യുഎസ് സൈനികത്താവളങ്ങൾ ഇറാൻ ആക്രമിച്ചേക്കാമെന്ന് തോന്നിയെന്നും അതിനാലാണ് മുൻകരുതലായി ആദ്യം ആക്രമിച്ചത് എന്നുമുള്ള ട്രംപിന്റെ വാദത്തെയും ഇവർ രൂക്ഷമായി ചോദ്യം ചെയ്യുന്നുണ്ട്. ഇറാൻ യുഎസിന് ഒരു അടിയന്തര ഭീഷണിയും ഉയർത്തിയിരുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഇറാനിൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ട്രംപ് ഭരണകൂടത്തിന് കൃത്യമായ ഒരു ധാരണയുമില്ലെന്നാണ് സെനറ്ററായ എലിസബത്ത് വാറന്റെ പ്രതികരണം. ‘ഇറാനെ കുറിച്ചുള്ള ഒരു ഔദ്യോഗിക യോഗം കഴിഞ്ഞ് വരികയാണ് ഞാൻ. നിങ്ങൾ കരുതുന്നതിലും വളരെ മോശം നിലയിലാണ് കാര്യങ്ങൾ. ആശങ്കാജനകം എന്ന് തന്നെ പറയാം. നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി നടത്തുന്ന ഈ യുദ്ധം നുണകളെ മാത്രം അടിസ്ഥാനമാാക്കിയുള്ളതാണ്. നമ്മുടെ രാജ്യത്തിന് ഒരു അടിയന്തര ഭീഷണിയും ഇറാന്റെ ഭാഗത്ത് നിന്നും ഉയരുന്നില്ലായിരുന്നു.