ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ സൈന്യം ശ്രമിച്ചുവെങ്കിലും അവസരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് വെളിപ്പെടുത്തി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. ഖമനേയി ഒളിവിൽ പോയതോടെയാണ് പദ്ധതി പാളിയത്. ഖമനേയിയെ ഒരുപാട് തിരഞ്ഞെന്നും കണ്ടെത്തിയാൽ വധിക്കുമായിരുന്നെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ഇസ്രയേലി ചാനലുകളായ ചാനൽ 12, ചാനൽ 13, സർക്കാർ ഉടമസ്ഥതയിലുള്ള കാൻ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഖമനേയി ബങ്കറിലേക്ക് പിൻവാങ്ങിയെന്നും ഉന്നത സൈനിക കമാൻഡർമാരുമായുള്ള ആശയവിനിമയം വിച്ഛേദിച്ചുവെന്നും കാറ്റ്സ് അവകാശപ്പെട്ടു. ഇസ്രായേലിന്റെ നീക്കം ഖമനേയി മനസ്സിലാക്കി, വളരെ ആഴത്തിലുള്ള ബങ്കറിലേക്ക് മാറുകയും കമാൻഡർമാരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ ഖമനേയിയെ വധിക്കാനായില്ലെന്നും കാറ്റ്സ് അവകാശപ്പെട്ടു. ഖമേനിയെ വധിക്കാൻ ഇസ്രയേലിന് അമേരിക്കയുടെ അനുമതി ആവശ്യമില്ലായിരുന്നുവെന്നും കാറ്റ്‌സ് പറഞ്ഞു. ഇസ്രയേലി പ്രതിരോധ സേനയും (IDF) രഹസ്യാന്വേഷണ ഏജൻസികളും ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നെങ്കിലും ഖമനേിയിയെ വധിക്കാൻ ശ്രമിച്ചുവെന്നത് ആദ്യ വെളിപ്പെടുത്തലാണ്.
അതേസമയം ഇറാൻ- ഇസ്രേയൽ സംഘർഷത്തിനിടെ ട്രൂത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആയത്തുള്ളയെ ഭീഷണിപ്പെടുത്തിരുന്നു. ഇറാന്റെ സുപ്രീം ലീഡർ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് കൃത്യമായി അറിയാമെന്നും ലക്ഷ്യം എളുപ്പമാണെന്നും എന്നാൽ അദ്ദേഹത്തെ പുറത്താക്കാനോ വധിക്കാനോ ഉദ്ദേശ്യമില്ലെന്നും ആയിരുന്നു ട്രംപ് പറഞ്ഞിരുന്നത്.