15 മാസത്തിനിടെ ഇസ്രായേൽ കൊലപ്പെടുത്തിയത് 382 പാലസ്തീൻ ഫുട്ബോൾ താരങ്ങളെയെന്ന് പാലസ്തീൻ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) കണക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്ത് വിട്ടു. “നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്ക്കിടെ രക്തസാക്ഷികളായ പാലസ്തീൻ അത്ലറ്റുകളുടെയും സ്കൗട്ടുകളുടെയും എണ്ണം 382 ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ 724 ആയി ഉയർന്നു.” PFA സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
PFA പറയുന്നത് അനുസരിച്ച്, കുറഞ്ഞത് 235 മരണങ്ങൾ മറ്റ് കായിക ഇനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫുട്ബോളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരിൽ 96 പേർ കുട്ടികളും 286 പേർ യുവാക്കളുമാണ്. പാലസ്തീൻ ഒളിമ്പിക് ഫുട്ബോൾ ടീമിൻ്റെ മുൻ താരവും അസിസ്റ്റൻ്റ് കോച്ചുമായ ഹാനി അൽ മസ്ദറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
കൂടാതെ, 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ ബോംബാക്രമണത്തിൽ ഫുട്ബോളിനായി സമർപ്പിച്ച 147 ഉൾപ്പെടെ 287 കായിക സൗകര്യങ്ങൾ നശിച്ചു. തകർന്ന ഫുട്ബോൾ സൗകര്യങ്ങളിൽ 134 എണ്ണം ഗാസയിലാണെന്നും ബാക്കിയുള്ളവ വെസ്റ്റ് ബാങ്കിലാണെന്നും പിഎഫ്എ അറിയിച്ചു. പ്രാദേശിക അധികാരികളുടെ കണക്കുകൾ പ്രകാരം 47,161 പാലസ്തീനികൾ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
2013 ലും 2014 ലും രണ്ട് തവണ ദേശീയ പുരുഷ ടീമിനെതിരെ സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഇന്ത്യ സന്ദർശിച്ച ശക്തമായ ഒരു ഫുട്ബോൾ ടീം പാലസ്തീനുണ്ടായിരുന്നു. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് 2013 സൗഹൃദ മത്സരം നടന്നത്. അഷ്‌റഫ് അൽഫവാഘ്ര നുമാൻ ഹാട്രിക് നേടിയ മത്സരത്തിൽ പാലസ്തീൻ 4-2ന് വിജയിച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ കണ്ണൂർ സ്വദേശി സികെ വിനീത് ആ മത്സരത്തിലാണ് രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്.
ഒരു വർഷത്തിന് ശേഷം സിലിഗുരിയിൽ നടന്ന രണ്ടാം സൗഹൃദ മത്സരത്തിൽ ഇന്ത്യയെ 3-2ന് പാലസ്തീൻ തോൽപിച്ചു. ലോക റാങ്കിങ്ങിൽ പലസ്തീൻ 101-ാം സ്ഥാനത്താണ്. പുരുഷ ഫുട്ബോളിൽ ഇന്ത്യ നിലവിൽ 126-ാം സ്ഥാനത്താണ്.