സ്റ്റാര്‍ബക്സിനെതിരേ രാജ്യവ്യാപക ബഹിഷ്‌കരണ ആഹ്വാനവുമായി നിയുക്ത ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി. അമേരിക്കന്‍ കോഫീഹൗസ് ശൃംഘലയായ സ്റ്റാര്‍ബക്സിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിനാണ് മംദാനി പിന്തുണ അറിയിച്ചത്. രാജ്യവ്യാപക സ്റ്റാർബക്സ് ബഹിഷ്കരണത്തിന് മംദാനി ആഹ്വാനം ചെയ്തു
വേതനവര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്റ്റാര്‍ബക്സ് തൊഴിലാളി സംഘടനയായ, സ്റ്റാര്‍ബക്സ് വര്‍ക്കേഴ്‌സ് യുണൈറ്റഡ് രാജ്യവ്യാപക സമരം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പിന്തുണയുമായി മംദാനി രംഗത്തെത്തിയത്.
‘രാജ്യമെമ്പാടുമുള്ള സ്റ്റാര്‍ബക്സ് തൊഴിലാളികള്‍, മികച്ച കരാറിനായി പോരാടിക്കൊണ്ട് നീതിരഹിതമായ തൊഴില്‍രീതികള്‍ക്കെതിരേ സമരം ചെയ്യുകയാണ്. തൊഴിലാളികള്‍ സമരം ചെയ്യുമ്പോള്‍ ഞാന്‍ സ്റ്റാര്‍ബക്സില്‍നിന്ന് യാതൊന്നും വാങ്ങില്ല. എനിക്കൊപ്പം ചേരാന്‍ നിങ്ങളോടും അഭ്യര്‍ഥിക്കുകയാണ്. ശക്തമായൊരു സന്ദേശം നമുക്കൊരുമിച്ച് നല്‍കാനാവും. നോ കോണ്‍ട്രാക്ട്, നോ കോഫീ’, മംദാനി സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. സ്റ്റാര്‍ബക്സ് വര്‍ക്കേഴ്‌സ് യുണൈറ്റഡിന്റെ കുറിപ്പ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മംദാനിയുടെ പ്രതികരണം.
കമ്പനി വ്യാപകമായി തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തിയതായി സ്റ്റാര്‍ബക്സ് വര്‍ക്കേഴ്‌സ് യുണൈറ്റഡ് ആവര്‍ത്തിച്ച് ആരോപിച്ചിട്ടുണ്ട്. നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ലോ ജഡ്ജിമാര്‍, നാനൂറിലധികം തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് സ്റ്റാര്‍ബക്സ് ഉത്തരവാദിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നു. ന്യൂയോര്‍ക്ക്, ഡാലസ്, സിയാറ്റില്‍, ഫിലാഡല്‍ഫിയ തുടങ്ങി 25-ല്‍ അധികം നഗരങ്ങളിലെ സ്റ്റാര്‍ബക്സ് ജീവനക്കാര്‍ സമരത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് വിവരം.