ഗാസയിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാതെ അവിടെ പുനർനിർമിക്കുന്നതിനുള്ള അറബ്, ഈജിപ്ഷ്യൻ, പലസ്തീൻ പദ്ധതി നിലവിൽ വന്നിട്ടുണ്ടെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി. അൽ-മംലക ടെലിവിഷന് നൽകിയ അഭിമുഖത്തിൽ, ഗാസയിലേക്ക് സഹായം അയക്കുന്നത് തുടരേണ്ടതിന്റെയും ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത അയ്മാൻ സഫാദി ഊന്നിപ്പറഞ്ഞു. എന്നാൽ പുനർനിർമ്മാണ പദ്ധതിയെക്കുറിച്ച് അദ്ദേഹം പ്രത്യേക വിശദാംശങ്ങൾ നൽകിയില്ല.
“ജോർദാൻ ജോർദാനികൾക്കുള്ളതാണ്, പലസ്തീൻ പലസ്തീനികൾക്കും” എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ജോർദാന്റെ നിലപാട് എന്ന് സഫാദി ഊന്നിപ്പറഞ്ഞു. ജോർദാനിലെ രാജാവ് അബ്ദുള്ള രണ്ടാമനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈ മേഖലയ്ക്കായി “പ്രായോഗിക ആശയങ്ങൾ” വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക സ്ഥിരതയെ പിന്തുണയ്ക്കുന്നതിൽ ജോർദാന്റെ കേന്ദ്ര പങ്ക് ട്രംപ് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറി വാർത്താ ഏജൻസിയായ അൽ ജസീറയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ , ജോർദാന്റെ മുൻഗണന രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുക എന്നതാണെന്ന് സഫാദി പറഞ്ഞു. “പ്രസിഡന്റ് ട്രംപുമായുള്ള ഞങ്ങളുടെ സംഭാഷണത്തിന്റെ അടിത്തറ ഇതാണ്,” അദ്ദേഹം പറഞ്ഞു. ഗാസ പ്രതിസന്ധി പരിഹരിക്കാനുള്ള ട്രംപിന്റെ പദ്ധതിക്ക് ഒരു ബദൽ അവതരിപ്പിക്കാൻ അറബ് ഏകോപനത്തിന് കഴിയുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇത് താമസക്കാരെ മാറ്റിപ്പാർപ്പിക്കാതെ മാനുഷിക ദുരന്തം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.