കേന്ദ്രസർക്കാരിന്റെ ജിഎസ്ടി നിരക്ക് പരിഷ്‌കരണത്തിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി പി ചിദംബരം. നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തുകൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാവായ ചിദംബരത്തിന്റെ പ്രതികരണം. ബിഹാർ തിരഞ്ഞെടുപ്പും യുഎസുമായുള്ള തീരുവ പ്രശ്‌നവുമാണ് ഇപ്പോഴത്തെ മനംമാറ്റത്തിന് പിന്നിലെന്ന് ചിദംബരം ആരോപിച്ചു.
ജിഎസ്‌ടി സ്ലാബുകളും നിരക്കുകളും കുറയ്ക്കാൻ എട്ടുവർഷം വേണ്ടിവന്നുവെന്നത് വളരെ വലിയ കാലയളവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സ് പോസ്റ്റിലാണ് ചിദംബരം കേന്ദ്രത്തിനെതിരെ വിമർശനങ്ങളുന്നയിച്ചത്. മാറ്റങ്ങൾ വരുത്താൻ സർക്കാരിനെ പ്രേരിപ്പിച്ച കാരണങ്ങൾ എന്തൊക്കെയാണെന്നും അദ്ദേം ചോദിക്കുന്നു. ഗാർഹിക കടം വർധിക്കുന്നത്, കുടുംബങ്ങളുടെ നിക്ഷേപം കുറയുന്നത്, ബിഹാറിലെ തിരഞ്ഞെടുപ്പ്, ട്രംപുമായുള്ള നികുതി യുദ്ധം അതുമല്ലെങ്കിൽ ഇതെല്ലാം ഒരുമിച്ച് തുടങ്ങിയ കാരണങ്ങളാണ് ചിദംബരം മുന്നോട്ടുവയ്ക്കുന്നത്.
ജിഎസ്‌ടി യുക്തിസഹമാക്കിയതും വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകൾ കുറച്ചതും സ്വാഗതാർഹമാണ്, പക്ഷേ, എട്ടു വർഷം വളരെ വൈകി. ജിഎസ്‌ടിയുടെ നിലവിലെ ഘടനയും ഇന്നുവരെ നിലവിലുള്ള നിരക്കുകളും ആദ്യം തന്നെ അവതരിപ്പിക്കേണ്ടിയിരുന്നില്ല. കഴിഞ്ഞ എട്ടുവർഷമായി ജിഎസ്‌ടിയുടെ ഘടനയ്ക്കും നിരക്കുകൾക്കുമെതിരെ ഞങ്ങൾ ശബ്ദമുയർത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ അപേക്ഷകൾ ബധിരകർണങ്ങളിലാണ് പതിച്ചത്, ചിദംബരം പറയുന്നു.
അതേസമയം പുതിയ ജിഎസ്‌ടി പരിഷ്കരണം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. അഞ്ച്, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളാണ് പുതിയ ജിഎസ്‌ടി ഘടനയിലുള്ളത്. ആഡംബര വസ്‌തുക്കൾ, ആഡംബര വാഹനങ്ങൾ, പുകയില ഉത്പന്നങ്ങൾ, ലോട്ടറി തുടങ്ങിയവയാണ് 40 ശതമാനത്തിൽ വരിക. മിക്ക ഉത്പന്നങ്ങളും അഞ്ച്, 18 ശതമാനം നികുതികൾക്ക് കീഴിലേക്കു മാറി. ചിലതിന് നികുതി പൂർണമായും ഒഴിവാക്കുകയും ചെയ്തു.