ഇന്ത്യയെ ഭീകരാക്രമണംവഴി പ്രകോപിപ്പിച്ചാല്‍ പാകിസ്താനില്‍ കനത്ത ആക്രമണം നടത്തുമെന്ന് താക്കീത് നല്‍കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പാകിസ്താന്‍ ആയിരക്കണക്കിന് തീവ്രവാദികളെ തുറന്നസ്ഥലത്ത് പരിശീലിപ്പിക്കുകയും ഇന്ത്യയില്‍ അഴിച്ചുവിടുകയും ചെയ്യുന്നുണ്ട്. ഇനി ഇന്ത്യ അത്തരം നീക്കങ്ങള്‍ സഹിക്കാന്‍ പോകുന്നില്ല.
അവര്‍ എവിടെയാണെന്നത് ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. അവര്‍ പാകിസ്താന്റെ ഉള്ളറകളില്‍ ആണെങ്കില്‍പോലും അവിടെ എത്തി ഞങ്ങളവരെ വകവരുത്തും. രാഷ്ട്രനയത്തിന്റെ ഉപകരണമായി ഭീകരതയെ ഉപയോഗിക്കുന്നതില്‍ മുഴുകിയിരിക്കുന്ന രാജ്യമാണ് പാകിസ്താനെന്നും ജയശങ്കര്‍ പറഞ്ഞു.
പഹല്‍ഗാം ആക്രമണം പോലുള്ള ക്രൂരമായ പ്രവൃത്തികള്‍ ഭാവിയില്‍ ഉണ്ടായാല്‍ തീവ്രവാദ സംഘടനകളും അവരുടെ നേതാക്കളും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും. യൂറോപ്പ് സന്ദര്‍ശനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാഴ്ച നീളുന്ന സന്ദര്‍ശനവേളയില്‍, ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കാനും തീവ്രവാദ വിരുദ്ധ നടപടിയില്‍ ഇന്ത്യ സന്ധി ചെയ്യില്ലെന്ന നിലപാട് ആവര്‍ത്തിക്കാനുമായി യൂറോപ്യന്‍ യൂനിയന് പുറമെ, ബെല്‍ജിയം, ഫ്രാന്‍സ് രാജ്യങ്ങളുടെ നേതാക്കളുമായി ജയശങ്കര്‍ കൂടിക്കാഴ്ച്ച നടത്തും.