അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും കുടുംബത്തിന്റെയും അടിത്തറ സ്ത്രീകളാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. 2025ലെ വനിതാ ദിനത്തിൽ സ്ത്രീകൾ നിർഭയരായിരിക്കാനും രാഷ്‌ട്രപതി ആഹ്വാനം ചെയ്തു. അതേസമയം സ്ത്രീകളുടെ അവകാശങ്ങൾ, സമത്വം, ശാക്തീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന് നാം ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും നാം ഇന്ന് ആഘോഷിക്കുന്നു. സ്ത്രീശക്തിയുടെ നേട്ടങ്ങളെയും രാജ്യത്തിനും സമൂഹത്തിനും അവർ നൽകിയ അതുല്യമായ സംഭാവനകളെയും ആദരിക്കാനുള്ള അവസരമാണ് അന്താരാഷ്‌ട്ര വനിതാ ദിനം. നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും അടിത്തറ സ്ത്രീകളാണ്. എല്ലാ സ്ത്രീകളെയും അഭിനന്ദിക്കുന്നുവെന്നും അവർക്ക് ശോഭനമായ ഭാവി ആശംസിക്കുന്നുവെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
രാഷ്ട്രപതി എക്സിൽ കുറിച്ചത്
“എല്ലാവർക്കും അന്താരാഷ്ട്ര വനിതാ ദിന ആശംസകൾ! ഇന്ന് നമ്മൾ സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും ആഘോഷിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ, സമത്വം, ശാക്തീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന് യോജിച്ച ശ്രമങ്ങൾ നടത്താനും ദൃഢനിശ്ചയം ചെയ്യുന്നു. നമ്മുടെ സഹോദരിമാരും പെൺമക്കളും എല്ലാ മേഖലയിലും മുന്നേറുകയാണ്. സ്ത്രീകൾ വിവിധ മേഖലകളിൽ പുതിയ പാതകൾ വെട്ടിത്തുറക്കുമ്പോൾ, ആരും പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, അവരുടെ യാത്രയിൽ അവരെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞയെടുക്കാം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഭയമില്ലാതെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ കഴിയുന്ന ഒരു ലിംഗസമത്വ ലോകം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാൻ കഴിയും”.