1996ൽ ലഡാക്കിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിജയശതമാനം 5% മാത്രം ആയിരുന്നു. എന്നാൽ 2015 ൽ ആ വിജയശതമാനം 75 ആയി ഉയരുന്നു. ലഡാക്കിന്റെ ഗ്രാമ പ്രദേശങ്ങളിൽ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചതിന് പിന്നിലെ ആ ഒരാൾ സോനം വാങ്‌ച്ചുക്ക് ആയിരുന്നു. സിനിമാ പ്രേമികളുടെ ഭാഷയിൽ പറഞ്ഞാൽ ‘ത്രീ ഇഡിയ്റ്റസി’ലെ ആമിർ ഖാൻ അവതരിപ്പിച്ച ‘ഫുൻസുഖ് വാങ്ഡു’. വാങ്‌ച്ചുക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള കഥാപാത്രമായിരുന്നു അത്.
2018 ൽ ഏഷ്യയിലെ ഉന്നത ബഹുമതിയായ മാഗ്‌സസെ പുരസ്കാരം ലഭിച്ച സോനം വാങ്‌ച്ചുക്കിനെ ഇന്നലെ കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. 1966 ൽ ലഡാക്കിലെ ലേയ്ക്ക് അടുത്തുള്ള ഉല്യാക്ടോപോ ഗ്രാമത്തിലാണ് സോനം ജനിച്ചത്. എന്നാൽ ആ ഗ്രാമത്തിലെങ്ങും സ്‌കൂൾ ഇല്ലാതിരുന്നതിനാൽ സോനം 9 വയസ് വരെ സ്‌കൂളിൽ പോയിരുന്നില്ല. 1975ൽ സോനത്തിന്റെ കുടുംബം ശ്രീനഗറിലേക്കു താമസം മാറ്റി. അച്ഛൻ സോനം വാങ്യാൽ ജമ്മു-കശ്മീർ സർക്കാരിൽ മന്ത്രിയായതിനെ തുടർന്നായിരുന്നു ഇത്. സോനം അവിടെ സ്‌കൂളിൽ ചേർന്നെങ്കിലും ലഡാക്കി ഭാഷ മാത്രം അറിയാവുന്ന സോനത്തിന് ഇംഗ്ലിഷ്, ഹിന്ദി, ഉറുദു ഭാഷകളിലുള്ള ക്‌ളാസുകൾ മനസിലായില്ല.
ഇതോടെ പഠിക്കാൻ കൊള്ളാത്തവനായി അധ്യാപകർ അവനെ വിധിയെഴുതി. അധ്യാപകർ അവനെ പതിവായി ക്ലാസിനു പുറത്തുനിർത്തി. അപമാനിതനായ സോനം 12-ാം വയസിൽ ഒറ്റയ്ക്ക് ഡൽഹിക്കു ട്രെയിൻ കയറി. അവിടെ കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം നേടി. പഠിത്തം ആരഭിച്ചു. പിന്നീട് ശ്രീനഗർ എൻഐടിയിൽ എൻജിനീയറിങ് പാസായ സോനം, തന്റെ ഗ്രാമത്തെയും അവിടുത്തെ കുട്ടികളെയും മറന്നില്ല. ലഡാക്കിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുക ആയിരുന്നു പിന്നീട് സോനത്തിന്റെ ലക്ഷ്യം.
ഇതിനായി 1988ൽ, സഹോദരന്മാരോടും 5 സഹപ്രവർത്തകരോടും ചേർന്ന് ‘സ്റ്റുഡന്റ്സ് എജ്യുക്കേഷനൽ ആൻഡ് കൾചറൽ മൂവ്‌മെൻ്റ് ഓഫ് ലഡാക്ക്’ (എസ്ഇസിഎംഒഎൽ) സ്ഥാപിച്ചു. ‘ഓപ്പറേഷൻ ന്യൂ ഹോപ്’ എന്ന പദ്ധതിയിലൂടെ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കി. ഒരു ഗ്രാമീണ സ്‌കൂളിൽ പരീക്ഷണാടിസ്ഥഥാനത്തിൽ ആരംഭിച്ച ഈ പദ്ധതിയിൽ അധ്യാപകരെ പ്രത്യേക പാഠ്യരീതി അഭ്യസിപ്പിച്ചു. ഉറുദുവിനു പകരം ഇംഗ്ലിഷിനും ലഡാക്കി ഭാഷയ്ക്കുമായി പ്രാധാന്യം. ഈ പ്രയ്തനത്തിലൂടെ 2015ൽ ലഡാക്കിലെ പത്താം ക്‌ളാസിലെ വിജയശതമാനം 75 ആയി.
പിന്നാലെ സോനത്തിന്റെയും സംഘടനയുടെയും പ്രവർത്തനം പരിസ്‌ഥിതിയിലേക്കും വ്യാപിച്ചു. ക്യാംപസുകളെ പ്രകൃതി സൗഹൃദമാക്കി. ലഡാക്കിലെ കർഷകർ നേരിടുന്ന ജലക്ഷാമം പരിഹരിക്കാൻ ‘ഐസ് സ്‌പ’ പദ്ധതി കൊണ്ടുവന്നു. ശൈത്യകാലത്ത് ലഭിക്കുന്ന മഞ്ഞ് ഉരുകാതെ സംഭരിക്കുന്ന കൃത്രിമ ഹിമാനികൾ ആയിരുന്നു ഐസ് സ്‌പങ്ങൾ.
2019 ലാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീർ വിഭജിക്കുകയും ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി രൂപീകരിക്കുന്നതും. ആ സമയത്ത്, സോനം വാങ്ചുക്ക് ഉൾപ്പെടെ പലരും ലഡാക്കിനുള്ള കേന്ദ്രഭരണ പ്രദേശ പദവിയെ സ്വാഗതം ചെയ്തു. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ, ലെഫ്റ്റനന്റ് ഗവർണറുടെ ഭരണത്തിൻ കീഴിൽ ലഡാക്കിലെ കാര്യങ്ങൾ തകിടം മറിഞ്ഞു. ലഡാക്കിൽ ഒരു നിയമസഭ ഇല്ലാതിരുന്നതിനാൽ തന്നെ പ്രദേശം നേരിട്ടുള്ള കേന്ദ്രഭരണത്തിന് കീഴിലായി.
അന്ന് മുതൽ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന ആവശ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖമാണ് വാങ്ചുക്ക്. പരിസ്ഥിതി ദുർബലമായ ലഡാക്കിന് പ്രത്യേക പരിഗണനയും സ്വയംഭരണാവകാശവും വാങ്ചുക്ക് ആവശ്യപ്പെടുന്നു. ഈ സെപ്റ്റംബർ പത്ത് മുതൽ ആവശ്യങ്ങളുമായി സോനവും പ്രവർത്തകരും നിരാഹാര സമരം ആരഭിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ 24 ന് കാര്യങ്ങൾ വഷളാവുകയും അതൊരു യുവജന പ്രക്ഷോഭം ആയി മാറുകയും ആയിരുന്നു.
പ്രക്ഷോഭത്തിൽ ജനക്കൂട്ടം ബിജെപി ഓഫിസ് തീയിട്ടതും വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടതും സോനത്തെ ഭരണകൂടവിരുദ്ധനാക്കി. ജനക്കൂട്ടത്തെ കലാപത്തിന് പ്രചോദിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് സോനത്തിന്റെ അറസ്‌റ്റ്. സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണ് യുവാക്കളെയും ലഡാക്കിലെ ജനങ്ങളെയും പ്രകോപിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നത്. സോനം വാങ്ചുക്കിന്റെ എൻജിഒക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരുന്നു. എൻജിഒയുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.