ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന കത്തുമായി 272 മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും. 16 ജഡ്ജിമാരും, 14 അംബാസഡർമാരും, 133 വിമുക്തഭടന്മാരും കത്തിൽ ഒപ്പു വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുലിന്റെ വിമർശനത്തെ അപലപിച്ചാണ് കത്ത്. വോട്ട്കൊള്ള ആരോപണത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കത്തിലെ ആരോപണം.
‘ദേശീയ ഭരണഘടനാ അധികാരികള്‍ക്കെതിരായ ആക്രമണം’ എന്ന തലക്കെട്ടോടെയാണ് കത്ത്. ഇന്ത്യന്‍ സായുധ സേനയുടെ വീര്യത്തെയും നേട്ടങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് അവരെയും, നീതിന്യായ വ്യവസ്ഥയെയും, പാര്‍ലമെന്റിനെയും, ഭരണഘടനാ പ്രവര്‍ത്തകരെയും ജുഡീഷ്യറിയെയും കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം, ഇപ്പോള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമഗ്രതയ്ക്കും പ്രശസ്തിക്കും നേരെയുള്ള വ്യവസ്ഥാപിതവും ഗൂഢാലോചനാപരവുമായ ആക്രമണങ്ങളെ നേരിടേണ്ട സമയമാണിതെന്നും കത്തില്‍ പറയുന്നു.
ഇന്ത്യയുടെ ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് അതിന്റെ അടിസ്ഥാന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിഷലിപ്തമായ ആരോപണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വേലിയേറ്റത്തിലൂടെയാണ് ആക്രമിക്കപ്പെടുന്നതെന്ന് കത്തില്‍ ഒപ്പിട്ടവര്‍ പറഞ്ഞു. തങ്ങളുടെ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.