മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെ നയിക്കുന്നതാണ് യഥാര്‍ത്ഥ ശിവസേനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഷിന്‍ഡെ പക്ഷം എന്ന് വിളിക്കേണ്ടി വന്നിരുന്ന സാഹചര്യം മാറിയെന്നും ഇപ്പോള്‍ ഒരേയൊരു ശിവസേന മാത്രമേ നിലവിലുള്ളൂവെന്നും കോലാപുരില്‍ നടന്ന നന്ദി പ്രകടന റാലിയില്‍ കേന്ദ്രമന്ത്രി പറഞ്ഞു. ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ബിജെപി നേതാവ് രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ മടിയില്‍ ഇരുന്ന് നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാന്‍ ഉദ്ധവ് ശ്രമിക്കുന്നുവെന്നാണ് കോലാപൂരില്‍ അമിത് ഷാ കുറ്റപ്പെടുത്തിയത്. ഇന്ത്യ ഒരു ധര്‍മശാലയല്ലെന്നും അമിത് ഷാ പറഞ്ഞു.
ഷിന്‍ഡെ വിഭാഗത്തിനു പാര്‍ട്ടിയുടെ പേര് മുമ്പ് വേറെ പറയേണ്ടി വന്നിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി മാറിയെന്നും അമിത് ഷാ പറഞ്ഞു. ”ഇപ്പോള്‍ വിഭാഗമല്ല. ഒരു ശിവസേന മാത്രമേയുള്ളൂ, അത് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ളതാണ്”
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗത്തില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കെയാണ് അമിത് ഷായുടെ ഈ പ്രസ്താവനകള്‍. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി)യിലെ ആറ് ലോക്‌സഭാ എംപിമാര്‍ താക്കറെയ്‌ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ടെന്നും അവര്‍ ഭരണകക്ഷിയായ ശിവസേനയിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.’ഓപ്പറേഷന്‍ ടൈഗര്‍’ വഴി യുബിടി വിഭാഗത്തിലെ ഒമ്പതില്‍ ആറ് പാര്‍ലമെന്റ് അംഗങ്ങളെയും കൂട്ടത്തോടെ ഷിന്‍ഡെ പക്ഷത്തേക്ക് എത്തിച്ചെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് മഹാരാഷ്ട്രയില്‍ ഉദ്ധവ് പക്ഷം തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് അമിത് ഷാ പരസ്യമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ശിവസേന (യുബിടി) പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആകെയുള്ള ഒന്‍പത് ലോക്സഭാ എംപിമാരില്‍ മൂന്ന് പേര്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കിയുള്ള ആറ് എംപിമാരും യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതോടെ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന എംപിമാര്‍ക്കെതിരെ പാര്‍ട്ടി നടപടി ആരംഭിച്ചു. ലോക്സഭയിലെ പാര്‍ട്ടിയുടെ ചീഫ് വിപ്പ് അനില്‍ ദേശായി വിട്ടുനിന്ന എംപിമാര്‍ക്ക് ഔദ്യോഗികമായി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം (കൂറുമാറ്റ നിരോധന നിയമം) അയോഗ്യതാ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.
അര്‍വിന്ദ് സാവന്ത്, രാജഭാഭു വാജെ, അനില്‍ ദേശായി എന്നീ മൂന്ന് എംപിമാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. നാഗേഷ് ആഷ്ടികര്‍, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, സഞ്ജയ് ദിന പാട്ടീല്‍, ഓം പ്രകാശ് രാജെ നിംബാല്‍ക്കര്‍, ഭാവസാഹേബ് വാക്ചൗര്‍ എന്നിവര്‍ക്കാണ് പാര്‍ട്ടി നോട്ടീസ് അയച്ചിരിക്കുന്നത്.
ഇതിനിടെ ശിവസേന (യുബിടി) പക്ഷത്ത് പുതിയ കൂറുമാറ്റ ഭീഷണികള്‍ ശക്തമാകുന്നതിനിടെ, പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെയും വ്യക്തമാക്കി. പാര്‍ട്ടിയുടെ സ്ഥാപകന്‍ ബാല്‍ താക്കറെ ഒരിക്കലും അധികാരത്തിന് പിന്നാലെ പോയിട്ടില്ലെന്ന് അനുസ്മരിച്ച ഉദ്ധവ്, താന്‍ അധികാരമോഹിയല്ലെന്നും വേണ്ടിവന്നാല്‍ ഈ നിമിഷം അധ്യക്ഷ പദവി ഒഴിഞ്ഞുതരാമെന്നും പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്നില്‍ വിശ്വാസമില്ലെന്ന് തോന്നുമ്പോള്‍ പദവി ഒഴിയാന്‍ താന്‍ സന്നദ്ധനാണെന്നും, എന്നാല്‍ തന്നെ പിന്തുണയ്ക്കുന്ന ശിവസൈനികര്‍ കൂടെയുള്ളിടത്തോളം കാലം ഏതൊരു വെല്ലുവിളിയെയും പര്‍വ്വതം പോലെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.