ഹിമാചൽ പ്രദേശിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. ഹിമാചൽ പ്രദേശ് മുഴുവൻ രാജ്യത്തിന്റെ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ലെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നുമാണ് കോടതി പറഞ്ഞത്.
ഷിംലയിലെ ശ്രീ താര മാതാ കുന്നിനെ ‘ഗ്രീൻ ഏരിയ’ ആയി പ്രഖ്യാപിച്ച ഹിമാചൽ സർക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് പ്രിസ്റ്റൈൻ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയത്.
വർഷങ്ങളായി തുടരുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥയും അശ്രദ്ധമായ പാരിസ്ഥിതിക രീതികളും ഹിമാചൽ പ്രദേശിൽ ആവർത്തിച്ചുള്ള പ്രകൃതി ദുരന്തങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ഈ വർഷത്തെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറിലധികം പേർ കൊല്ലപ്പെടുകയും സ്വത്തുക്കൾ നശിക്കുകയും ചെയ്ത ദുരന്തങ്ങളെക്കുറിച്ചും കോടതി പരാമർശിച്ചു.