റിപ്പബ്ലിക് ദിനത്തിലെ തമിഴ്‌നാട് ഗവര്‍ണറുടെ ചായ സല്‍ക്കാരം ബഹിഷ്‌കരിച്ച് സിപിഎം. ഭരണഘടനയെയും ഫെഡറല്‍ തത്വങ്ങളെയും തകര്‍ക്കുന്ന ഗവര്‍ണര്‍ ആര്‍ എന്‍ രവിക്ക് പദവിയില്‍ തുടരാന്‍ അവകാശമില്ലെന്ന് സിപിഎം തമിഴ്‌നാട് സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതിനാല്‍, ഗവര്‍ണറുമൊത്ത് വേദി പങ്കിടാന്‍ സിപിഎമ്മിന് സാധിക്കില്ല.
ഈ മാസം ആദ്യം നടന്ന ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തമിഴ്‌നാട് നിയമസഭയില്‍ നിന്ന് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇറങ്ങിപ്പോയിരുന്നു. ദേശീയ ഗാനം ആലപിച്ചില്ലെന്ന് ആരോപിച്ചാണ് നടപടി. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ ആദ്യ പരാഗ്രാഫ് വായിച്ചശേഷം ആര്‍ എന്‍ രവി വാക്കൗട്ട് നടത്തിയിരുന്നു.
2023ലും നയപ്രഖ്യാപനം പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി. ഇക്കുറി മൂന്നു മിനുട്ട് മാത്രമാണ് സഭയില്‍ ഗവര്‍ണര്‍ ചെലവഴിച്ചത്. ഇതിനെതിവെയെല്ലാം സിപിഎം രംഗത്ത് വന്നിരുന്നു. ഗവര്‍ണറുടെ ഇത്തരം പ്രവര്‍ത്തികളെ തുടര്‍ന്നാണ് ചായ സല്‍ക്കാരം ബഹിഷ്‌കരിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കി.