സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ മാപ്പ് പറഞ്ഞ് ഇൻഡിഗോ വിമാന അധികൃതർ. റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകുമെന്നും കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കുമെന്നും ഇൻഡിഗോ അറിയിച്ചു. രാജ്യവ്യാപകമായി നൂറു കണക്കിന് ഇൻഡിഗോ സർവീസുകളാണ് ഇന്ന് റദ്ദാക്കിയിരുന്നത്.
ഇന്നലെ മാത്രം 550 സര്‍വീസുകളാണ് റദ്ദാക്കിയത്. വിഷയം കമ്പനി കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു, ഇന്‍ഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ ലഭിക്കും. കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും തുടർന്നുള്ള യാത്രാസൗകര്യങ്ങളും ഒരുക്കി നൽകുമെന്നും അധികൃതർ അറിയിച്ചു. അതേസമയം ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്യുകയാണ് മറ്റ് വിമാനക്കമ്പനികൾ. വിമാനകമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഡൽഹി-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് 45,000 രൂപയായി ഉയർത്തി.
ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപയാക്കി ഉയർത്തിയാണ് വിമാനകമ്പനികളുടെ ചൂഷണം. സമാന രീതിയിൽ തന്നെ മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് ഇരട്ടിയിൽ അധികമായി വർധിപ്പിച്ചിട്ടുണ്ട്. ഇന്ന് ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളൊന്നും തന്നെ ഇല്ല. നാളെ (ശനിയാഴ്ച) രണ്ട് സർവീസുകളുണ്ട്. എയർ ഇന്ത്യയുടെ സർവീസിന് 62,000 രൂപയാണ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്ക് 45,000 രൂപയാണ്. ഇന്ന് ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുണ്ട്. 48,000 രൂപയാണ് ടിക്കറ്റ് നിരക്ക്.