രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ ഒരു ഡോക്ടര്‍ കൂടി പിടിയില്‍. റയീസ് അഹമ്മദ് എന്ന സര്‍ജനാണ് പിടിയിലായത്. പത്താന്‍കോട്ടില്‍ നിന്നാണ് സര്‍ജനായ റയീസ് അഹമ്മദിനെ പിടികൂടിയത്. പലതവണ അല്‍ഫല യൂണിവേഴ്‌സിറ്റിയിലേക്ക് ഇയാള്‍ വിളിച്ചതായാണ് വിവരം. ഹരിയാനയില്‍ നൂഹിലടക്കം വിവിധയിടങ്ങളില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന നടത്തുകയാണ്.
ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ റദ്ദാക്കി. ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 4 ഡോക്ടര്‍മാരുടെ റജിസ്ട്രേഷനാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) റദ്ദാക്കിയത്. ഡോക്ടര്‍മാരായ മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുസാമില്‍ ഷക്കീല്‍, ഷഹീന്‍ സയീദ് എന്നിവരുടെ ഇന്ത്യന്‍ മെഡിക്കല്‍ റജിസ്റ്റര്‍ (ഐഎംആര്‍), നാഷനല്‍ മെഡിക്കല്‍ റജിസ്റ്റര്‍ (എന്‍എംആര്‍) എന്നിവയാണ് റദ്ദാക്കിയത്. ഇവര്‍ക്ക് ഇന്ത്യയില്‍ ഒരിടത്തും ഇനി ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കല്‍ പദവി വഹിക്കാനോ കഴിയില്ല. അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി എന്‍എംസിയുടെ ഉത്തരവില്‍ പറയുന്നു.
ചെങ്കോട്ട സ്‌ഫോടനത്തില്‍ കസ്റ്റഡിയിലായ മൂന്നു പ്രതികളെ ഹരിയാന പൊലീസ് എന്‍ഐഎക്ക് കൈമാറി. ഇവരെ ദില്ലിയിലെ എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ചെന്നാണ് വിവരം. ഡോക്ടര്‍മാരായ മുസമ്മില്‍ ,ആദില്‍, ഷഹീദ എന്നിവരെയാണ് ഏജന്‍സി കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്യും. ഇന്നലെ ഇവരുമായി ബന്ധമുള്ള മറ്റൊരു ഡോക്ടറെ യുപിയില്‍ നിന്ന് പിടികൂടിയിരുന്നു. ഇവര്‍ ജോലി ചെയ്തിരുന്ന അല്‍ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് നാലു പേരെ കൂടി ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്തു.
ചെങ്കോട്ട സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ഡോ.ഉമറിന്റെ വീട് സൈന്യം തകര്‍ത്തിരുന്നു. ഉമറിന്റെ വീട് പൊളിച്ചതിനെ വിമര്‍ശിച്ച് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. ഇത്തരം നടപടികള്‍ കൊണ്ട് ഭീകരവാദം അവസാനിക്കില്ല എന്നാണ് ഒമര്‍ അബ്ദുള്ള പറഞ്ഞത്. ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചനയിലാണ് കേസെടുത്തിരിക്കുന്ന ത്. എന്‍ഐഎ കേസിന് പുറമേയാണിത്. അറസ്റ്റിലായ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും.