ഡല്‍ഹി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ വാദത്തിനിടെ (വീഡിയോ കോണ്‍ഫറന്‍സിങ്) സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് പ്രദര്‍ശിപ്പിക്കപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന് മുന്നിലാണ് സംഭവം.
കോടതി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വാദം കേള്‍ക്കുന്നതിനിടെ ഒന്നിലധികം തവണ ഇത്തരം തടസങ്ങള്‍ ഉണ്ടായി. ഇതുമൂലം കോടതി നടപടികള്‍ രണ്ടുതവണ നിര്‍ത്തിവെക്കേണ്ടതായി വന്നു. ഒരു അജ്ഞാത ഉപയോക്താവ് വെര്‍ച്വല്‍ ഹിയറിങ്ങില്‍ ലോഗിന്‍ ചെയ്യുകയും തന്റെ സ്‌ക്രീന്‍ പങ്കുവെച്ച് അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുമായിരുന്നെന്നാണ് വിവരം. അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച അക്കൗണ്ടില്‍നിന്ന് ആദ്യം ‘നിങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു’ എന്ന സന്ദേശമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. പിന്നീടായിരുന്നു അശ്ലീല വീഡിയോ പ്ലേ ചെയ്തത്. ഇതേ കാര്യം അറിയിച്ചുകൊണ്ട് ഒരു ഓട്ടോമേറ്റഡ് ശബ്ദവും കേള്‍ക്കാമായിരുന്നു.
ഹൈക്കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് ഇന്റര്‍ഫേസിനെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. ശ്രീധര്‍ സര്‍നോബത്, ഷിത്ജീത് സിങ് എന്നീ പേരുകളിലുള്ള അക്കൗണ്ടുകളില്‍നിന്നാണ് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആദ്യതവണ തടസമുണ്ടായപ്പോള്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്ത് നടപടികള്‍ പുനരാരംഭിച്ചെങ്കിലും, രണ്ടാമതും ഇത് ആവര്‍ത്തിച്ചതോടെ വെര്‍ച്വല്‍ കോടതി സംവിധാനം പൂര്‍ണമായും നിര്‍ത്തിവെക്കുകയായിരുന്നു. കോടതികളുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന ഗൗരവകരമായ ചോദ്യവും ഈ സംഭവത്തോടെ ഉയരുന്നുണ്ട്.