പഞ്ചാബ് അതിർത്തിയിൽ ഇന്ത്യയുടെ ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ സൈന്യം. അന്താരാഷ്ട്ര അതിർത്തി കടന്നതിനാണ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ജവാന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ചകൾ നടക്കുന്നതായും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനാണ് പാകിസ്ഥാന്റെ കസ്റ്റഡിയിലായത്. പാക് റേഞ്ചേഴ്സാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. ബിഎസ്എഫ് കോൺസ്റ്റബിൾ പി കെ സിംഗ് ആണ് പാകിസ്ഥാന്റെ കസ്റ്റഡിയിലായത്. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.
നിലവിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും അതിർത്തികൾ അടക്കുക, നദീജല കരാറുകൾ റദ്ദാക്കുക എന്ന നടപടികളിലേക്ക് കടന്നിട്ടുണ്ടെകിലും ഇന്ത്യൻ ജവാനെ കസ്റ്റഡിയിലെടുത്തത് ചർച്ചയിൽ പാകിസ്ഥാന് ഒരു മുൻകൈ നൽകാൻ സാധ്യതയുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആക്രമിക്കപ്പെട്ട പ്രദേശത്തെ സുരക്ഷ വീഴ്ചയെ സംബന്ധിച്ച് പലരും ഇപ്പോൾ ചൂണ്ടിക്കാണിക്കുന്ന സന്ദർഭത്തിൽ കൂടിയാണ് ഇത്തരത്തിലുള്ള വാർത്ത വരുന്നത്.