നിഥാരി കൂട്ടക്കൊല കേസ് പ്രതി സുരേന്ദ്ര കോലിയെ അവസാന കേസിലും സുപ്രീം കോടതി വെറുതെ വിട്ടു. 13 കൊലക്കേസുകൾ ആണ് കോലിക്കെതിരെ ചുമത്തിയിരുന്നത്. നേരത്തെ 12 കേസിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. അവശേഷിച്ച കേസിൽ സുപ്രീം കോടതി സുരേന്ദ്ര കോലിയുടെ ക്യൂറേറ്റീവ് പെറ്റീഷൻ അനുവദിച്ചു.
ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 2011 ൽ സുപ്രീം കോടതി ശരിവച്ച കീഴ്ക്കോടതി ഉത്തരവാണ് ഇപ്പോൾ റദ്ദാക്കിയത്. ഈ കേസിൽ കോലിയെ ശിക്ഷിക്കാൻ കാരണമായ തെളിവുകൾ മറ്റ് കേസുകളിൽ വിശ്വാസ യോഗ്യമല്ലെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. ആ വസ്തുത ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്ര കോലി ക്യൂറേറ്റീവ് പെറ്റിഷൻ ഫയൽ ചെയ്തത്.
എന്താണ് നിഥാരി കൂട്ടക്കൊല കേസ്
കേട്ടുകേൾവിയില്ലാത്ത ക്രൂരതയും നിഗൂഢതയുംകൊണ്ട് രാജ്യത്താകെ ചർച്ചയായതാണ് നിതാരി കൊലക്കേസ്. 2006 ഡിസംബറിൽ ഉത്തർപ്രദേശിലെ നോയ്ഡയിലുള്ള നിതാരി ഗ്രാമത്തിലെ വീട്ടിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായിരുന്നു തുടക്കം. 2005-2006 കാലത്ത് ഗ്രാമത്തിൽനിന്ന് കാണാതായ പെൺകുട്ടികളുടെ ശരീരാവശിഷ്ടങ്ങളാണു കണ്ടെത്തിയത്.
സംഭവത്തിൽ വീട്ടുടമ മൊനീന്ദർ സിങ് പാന്ഥറും സഹായി സുരേന്ദ്ര കോലിയും അറസ്റ്റിലായി. ഇവരെ ചോദ്യംചെയ്തതിൽനിന്ന് ഒരുവർഷത്തിലേറെ അരങ്ങേറിയ കൊലപാതകങ്ങളുടെയും ലൈംഗികവൈകൃതങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിഞ്ഞു. ഇരുപതുവയസ്സുള്ള യുവതിയൊഴികെ ഇരകളെല്ലാം പ്രായപൂർത്തിയാകാത്തവരായിരുന്നു. നുണപരിശോധനയിൽ ക്രൂരതകളെല്ലാം സുരേന്ദ്ര കോലി അന്വേഷണസംഘത്തോടു വിവരിച്ചു.
കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിൽവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി മറവുചെയ്യുകയുമായിരുന്നു ഇവരുടെ രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൃതശരീരം പാകംചെയ്ത് കഴിച്ചതായും മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. ക്രൂരതയരങ്ങേറിയ വസതി സെക്ടർ 31-ൽ അനാഥമായി ഇപ്പോഴുമുണ്ട്. ബംഗാളിൽനിന്നും ബിഹാറിൽനിന്നും കുടിയേറി ജോലിചെയ്തിരുന്ന കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഇരകളിലേറെയും. സംഭവം പുറത്തുവന്നശേഷം ഇവരിലേറെയും നിതാരിയിൽനിന്ന് താമസം മാറ്റി.