രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചത് ജിഎസ്ടി പരിഷ്‌കരണത്തെ കുറിച്ച്. നവരാത്രി ആശംസകള്‍ അറിയിച്ച് സംസാരിച്ചു തുടങ്ങിയ പ്രധാനമന്ത്രി നവരാത്രി ആഘോഷത്തിന്റെ പ്രഥമ ദിവസം സൂര്യോദയത്തില്‍ രാജ്യത്ത് ജിഎസ്ടി സേവിങ്‌സ് ഉത്സവം ആരംഭിക്കുന്നുവെന്നാണ് പറഞ്ഞത്. പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്കും യുവജനങ്ങള്‍ക്കും വനിതകള്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം നാളെ തുടക്കമാകുന്ന ജിഎസ്ടി സേവിങ്‌സ് ഉത്സവം ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്ന ജിഎസ്ടി പരിഷ്‌കരണമാണ് നടപ്പിലാകുന്നത്. ഈ പരിഷ്‌കാരം ഇന്ത്യയുടെ വികസനം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നികുതി ഭാരത്തില്‍ നിന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മോചനമുണ്ടാകുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും ഈ മാറ്റമെന്നും നികുതി ഘടന ലഘൂകരിക്കുക എന്നതാണ് ലക്ഷ്യമെന്നും നരേന്ദ്ര മോദി പറഞ്ഞു.
‘ഒരു സ്വപ്നം കൂടി സാക്ഷാത്കരിക്കുന്നു. ഒരു രാജ്യം ഒരു നികുതി എന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. 99 ശതമാനം സാധനങ്ങളും 5% എന്ന നികുതിയിലെത്തും. നികുതി ഘടന ലഘൂകരിക്കുക എന്നതാണ് ലക്ഷ്യം. നവരാത്രിയുടെ ആദ്യദിനം തന്നെ പുതിയ ജിഎസ്ടി പ്രാബല്യത്തിലാകും. ഇന്ത്യ മറ്റൊരു നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നു. പുതിയ ജിഎസ്ടി ഘടന നടപ്പാക്കുമ്പോള്‍ എല്ലാവര്‍ക്കും ഗുണമുണ്ടാകും. നാളെ മുതല്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ സാധിക്കും. മധ്യവര്‍ഗം, യുവാക്കള്‍, കര്‍ഷകര്‍ അങ്ങനെ എല്ലാവര്‍ക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങള്‍ വളരെ കുറഞ്ഞ ചിലവില്‍ നിറവേറ്റപ്പെടും. നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകും
നവരാത്രിയുടെ ആദ്യ ദിവസം രാജ്യത്തെ കോടാനുകോടി വീടുകളിലേക്ക് മധുരം എത്തുകയാണെന്ന് പറഞ്ഞ നരേന്ദ്ര മോദി രാജ്യത്തെ സമസ്ത മേഖലയ്ക്കും ജിഎസ്ടി 2.0 നേട്ടമായിരിക്കുമെന്നും പറഞ്ഞു. ജിഎസ്ടി പരിഷ്‌കരണങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ഓരോ പ്രദേശത്തും ഓരോ നികുതി ആയിരുന്നു. വ്യത്യസ്ത നികുതി ജനങ്ങളെ പ്രയാസപ്പെടുത്തി. നികുതി ഭാരത്തില്‍ നിന്ന് രാജ്യത്തിനു മോചനം ലഭിക്കുകയാണ്. വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയാണിത്. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജിഎസ്ടി രാജ്യത്തിന്റെ കൂട്ടായ തീരുമാനമാണ്. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ഇതിനു തുടർച്ചയുണ്ടാകും. എല്ലാ മേഖലയിലും മാറ്റമുണ്ടാകും. സ്കൂട്ടർ, ബൈക്ക്, കാർ, ടിവി തുടങ്ങി എല്ലാത്തിന്റെയും വില കുറയാൻ പോവുകയാണ്. വ്യാപാരികൾ ജിഎസ്ടി പരിഷ്കരണത്തിൽ അതിയായ സന്തോഷത്തിലാണ്. നിത്യോപയോഗ സാധനങ്ങൾക്കും മരുന്നുകൾക്കും വില കുറയും. വീട് വയ്ക്കുന്നവർക്കും ചെലവ് കുറയും. യാത്രകൾക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയും. 99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബിൽ വരും.