ജമ്മു കശ്മീരിലെ പെഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുറ്റക്കാരായ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജിദ്ദയിലുള്ള പ്രധാനമന്ത്രി എക്‌സിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ജമ്മു കശ്മീരിലേക്ക് പുറപ്പെട്ടു. ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ അമിത്ഷായ്ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാത്രി എട്ട് മണിയോടെ ജമ്മു കശ്മീരിലെത്തുന്ന അമിത്ഷാ സംഭവ സ്ഥലം സന്ദര്‍ശിച്ചേക്കും.
ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. അതേ സമയം മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന് പിന്നാലെ അമിത് ഷാ ജമ്മു കശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചിരുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹല്‍ഗാമില്‍ ആക്രമണം നടന്നത്. വിനോദസഞ്ചാരികള്‍ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരര്‍ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കര്‍ണാടകയില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മഞ്ജുനാഥ റാവുവാണ്.
പഹല്‍ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതികരിച്ചു. തീര്‍ത്തും മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.