പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. രാജ്യത്തിൻ്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.
പാകിസ്ഥാനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താൻ ഇന്ത്യ ശ്രമം തുടരുകയാണ്. ഭീകരവാദത്തിന് പണം നൽകുന്നതിൻറെ തെളിവുകൾ വന്ന സാഹചര്യത്തിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്, എഫ്എടിഎഫ് നേരത്തെ പാകിസ്ഥാനെ മുന്നറിയിപ്പിനുള്ള ഗ്രേ പട്ടികയിൽ പെടുത്തിയിരുന്നു. ചൈന ഇടപെട്ട് പിന്നീട് പാകിസ്ഥാനെ ഇതിൽ നിന്ന് ഒഴിവാക്കി. കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെടാനാണ് ഇന്ത്യയുടെ തീരുമാനം.
പെഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാൻ നേതൃത്വം ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കുന്നത് തുടരുകയാണ്. സിന്ധു നദീജലം തടഞ്ഞാൽ യുദ്ധമായി കണക്കാക്കുമെന്ന് പ്രതിരോധമന്ത്രി ക്വാജ ആസിഫ് ഇന്നും വ്യക്തമാക്കി. എന്നാൽ കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് ഇന്ത്യ തിരിച്ചടിക്കുകയാണ്.
അതിർത്തിയിലെ മദ്രസകൾ പാകിസ്ഥാൻ അടച്ചു. മദ്രസകൾ എന്ന പേരിൽ ചില ഭീകര പരിശീലന കേന്ദ്രങ്ങളും നടക്കുന്നതായുള്ള സൂചന ഇന്ത്യയ്ക്കുണ്ടായിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾക്കടക്കം യുദ്ധമുണ്ടായാൽ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ച് പാകിസ്ഥാൻ സേന പരിശീലനം നൽകി. ഗ്രാമവാസികൾക്കായി ബങ്കറുകൾ തയ്യാറാക്കിയതിൻ്റെ ദൃശ്യങ്ങളും വാർത്താ ഏജൻസികൾ പുറത്തുവിട്ടു.