ഓപ്പറേഷന്‍ മഹാദേവിലൂടെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന് അമിത് ഷാ; ലോക്‌സഭയിലാണ് ബൈസാരണ്‍ താഴ്‌വരയില്‍ ആക്രമണം നടത്തിയ മൂന്ന് പേരെ വകവരുത്തിയെന്ന പ്രഖ്യാപനം

പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നവരെ സൈന്യം വധിച്ചെന്ന് വെളിപ്പെടുത്തി പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരെ ജമ്മു കശ്മീരില്‍ ഇന്നലെ ഓപ്പറേഷന്‍ മഹാദേവിലൂടെ സുരക്ഷാ സേന വെടിവച്ചു കൊന്നതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാവിലെ ലോക്‌സഭയില്‍ സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട ഭീകരര്‍ നിരീക്ഷണത്തില്‍ ആയിരുന്നുവെന്നും മേയ് 22ന് ഭീകരരെ കുറിച്ച് സൂചന ലഭിച്ചുവെന്നും കേന്ദ്ര അഭ്യന്തരമന്ത്രി പറഞ്ഞു.

മതം ചോദിച്ച ശേഷം, കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് നിഷ്‌കളങ്കരായ സാധാരണക്കാരെ കൊലപ്പടുത്തുകയായിരുന്നു പഹല്‍ഗാമില്‍ സംഭവിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ. കിരാതമായ ആ നടപടിയെ അപലപിക്കുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് അനുതാപം പ്രകടിപ്പിക്കുന്നെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ലോക്സഭയില്‍നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവേ അമിത് ഷാ പറഞ്ഞു. ആര്‍മിയുടെയും സിആര്‍പിഎഫിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സൈനിക നടപടിയായ ഓപ്പറേഷന്‍ മഹാദേവിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരവാദികളെ വധിച്ചെന്നാണ് അമിത് ഷാ പറഞ്ഞത്. സുലൈമാന്‍, അഫ്ഗാന്‍, ജിബ്രാന്‍ എന്നിവരെയാണ് സുരക്ഷാസേന വധിച്ചത്. ലഷ്‌കറെ തൊയ്ബയുടെ എ കാറ്റഗറി കമാന്‍ഡറാണ് സുലൈമാന്‍. അഫ്ഗാനും ജിബ്രാനും ലഷ്‌കറെയുടെ എ കാറ്റഗറി ഭീകരവാദിയാണന്നും ബൈസരണ്‍ താഴ്വരയില്‍ നമ്മുടെ പൗരന്മാരെ കൊലപ്പെടുത്തിയ ഈ മൂന്നുപേരെയും ഇല്ലാതാക്കിക്കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു.

ബൈസരന്‍ താഴ്വരയില്‍ നമ്മുടെ പൗരന്മാരെ കൊലപ്പെടുത്തിയവരില്‍ ഈ മൂന്ന് പേരും ഉണ്ടായിരുന്നു. അവര്‍ കൊല്ലപ്പെട്ടുവെന്ന് ഞാന്‍ പാര്‍ലമെന്റിനോടും രാഷ്ട്രത്തോടും പറയാന്‍ ആഗ്രഹിക്കുന്നു, ഓപ്പറേഷന്‍ മഹാദേവിലെ വിജയത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു.

സുലൈമാന്‍, അഫ്ഗാന്‍, ജിബ്രാന്‍ എന്നിവരുടെ പക്കല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭക്ഷണ സാധനങ്ങള്‍ ഉണ്ടായിരുന്നു. പഹല്‍ഗാം ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഇവര്‍ പല ഗ്രാമങ്ങളിലും അഭയം തേടി. ഭീകരരെ സഹായിച്ചവര്‍ നേരത്തേ എന്‍ഐഎയുടെ പിടിയിലായിരുന്നു. ഇവര്‍ ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഭീകരരുടെ കൈയ്യില്‍ നിന്നും പഹല്‍ഗാമില്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു. ഭീകരരെ മാത്രമല്ല അവരെ അയച്ചവരെയും കൊലപ്പെടുത്തി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിക്കുന്നത്. ഫൊറന്‍സിക് പരിശോധനയില്‍ ആയുധങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും അമിത് ഷാ വിശദീകരിച്ചു.

പഹല്‍ഗാം ഭീകരവാദികളെ വധിച്ചെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന് സന്തോഷമാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍, അവര്‍ക്ക് സന്തോഷമുള്ളതായി തോന്നുന്നില്ലെന്നും അതിനിടയില്‍ പറയാനും അമിത് ഷാ മടിച്ചില്ല. ഓപ്പറേഷന്‍ സിന്ദൂരില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിപക്ഷം സംശയം ഉന്നയിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പാകിസ്ഥാനുമായി നിങ്ങള്‍ക്ക് ബന്ധമുണ്ടോയെന്ന് ചോദിച്ച് വായടിപ്പിക്കാനായിരുന്നു അമിത് ഷായുടെ ശ്രമം. അമിത് ഷായുടെ പ്രസംഗത്തിനിടെ ഇടപെട്ട അഖിലേഷ് യാദവിനോട് അമിത് ഷാ ക്ഷോഭിച്ചു കൊണ്ട് താങ്കള്‍ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടോ എന്നായിരുന്നു അമിത് ഷാ ചോദിച്ചത്. ഭീകരരുടെ മതം നോക്കി ദുഃഖിക്കരുതെന്നും ലോക്‌സഭയില്‍ അമിത് ഷാ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി