ഓപ്പറേഷന്‍ സിന്ദൂര്‍ ചരിത്രപരമായ നീക്കമാണെന്നും ഐതിഹാസിക നടപടിയാണെന്നും പ്രതിരോധമന്ത്രി ലോക്‌സഭയില്‍. ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. ഒന്‍പത് ഭീകരക്യാമ്പുകള്‍ തകര്‍ത്തുവെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.
സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളുടെയും യോജിച്ചുള്ള നീക്കത്തില്‍ നൂറിലധികം ഭീകരരെ കൊലപ്പെടുത്തിയെന്നും ഭീകരവാദികളെ അവരുടെ താവളത്തിലെത്തി ഇല്ലാതാക്കിയെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തലിന് മുന്‍കൈ എടുത്തുവെന്ന ട്രംപിന്റെ അവകാശവാദത്തെ രാജ്നാഥ് സിംഗ് തള്ളി.
പാകിസ്ഥാന്‍ ഡിജിഎംഎ വെടിനിര്‍ത്തലിനായി അപേക്ഷിച്ചെന്നും അതിനാലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ലക്ഷ്യം പൂര്‍ത്തിയായതിനാലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിയതെന്നും പ്രതിരോധ മന്ത്രി സഭയെ അറിയിച്ചു.
ഭീകരാക്രമണത്തിന് പിന്നിലെ പാക് ബന്ധം വ്യക്തമാണ്. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ ലംഘിച്ചു. 22 മിനിറ്റില്‍ ഓപറേഷന്‍ സിന്ദൂര്‍ ലക്ഷ്യം കണ്ടു. പാകിസ്ഥാന്‍ ഡ്രോണുകള്‍ അടക്കം ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു.
പാകിസ്ഥാന്റെ ആക്രമണശ്രമങ്ങള്‍ ഇന്ത്യ തകര്‍ത്തു. എസ് 400, ആകാശ് പ്രതിരോധ സംവിധാനങ്ങള്‍ പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ തകര്‍ത്തു. പാകിസ്ഥാന്റെ ആക്രമണത്തില്‍ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളില്‍ ഒരു നാശവും ഉണ്ടാകിയില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.