ജൂത പുതുവത്സരമായ റോഷ് ഹഷാനയുടെ വേളയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈ ഫ്രണ്ട് നെതന്യാഹു എന്ന് കുറിച്ചാണ് എക്‌സ് പ്ലാറ്റ് ഫോമില്‍ പ്രധാനമന്ത്രി മോദിയുടെ ആശംസ തുടങ്ങുന്നത്. എന്റെ സുഹൃത്ത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്രയേല്‍ ജനതയ്ക്കും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും പുതുവല്‍സരാശംസകള്‍ എന്നാണ് നരേന്ദ്ര മോദിയുടെ കുറിപ്പ്.
പുതിയ വര്‍ഷം സമാധാനവും, പ്രതീക്ഷയും, നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ എന്നാണ് പോസ്റ്റില്‍ മോദി കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച നരേന്ദ്ര മോദിക്ക് നെതന്യാഹു ആശംസകള്‍ നേര്‍ന്നിരുന്നു. പലസ്തീനില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ച് പിടിച്ചെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോവുകയും ലോകരാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും നെതന്യാഹുവിനെതിരെ ശക്തമായ വിമര്‍ശനവും ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മൈ ഫ്രണ്ട് വിളിയ്ക്ക് രാഷ്ട്രീയമാനം ഉണ്ടാകുന്നതും ചര്‍ച്ചയാവുന്നതും.
‘മൈ ഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ച് ലോകനേതാക്കളില്‍ പലരേയും അഭിസംബോധന ചെയ്യുന്ന രീതി പ്രധാനമന്ത്രി മോദിയ്ക്ക് കാലങ്ങളായുണ്ട്. നേരത്തെ അമേരിക്കന്‍ പ്രസിഡന്‍ ഡൊണാള്‍ഡ് ട്രംപിനേയും ‘മൈ ഡിയര്‍ ഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ചാണ് നരേന്ദ്ര മോദി അഭിസംബോധന ചെയ്യാറ്. പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവരും സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യുന്നവരും ഒരും മീം കണക്കെ ഈ മൈ ഡിയര്‍ ഫ്രണ്ട് വിശേഷിപ്പിക്കല്‍ ഉപയോഗിക്കാറുമുണ്ട്.