രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരണം 13 ആയെന്ന് സ്ഥിരീകരിച്ച് ആശുപത്രി. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ എന്നയാളാണ് മരിച്ചത്. നേരത്തെ, 12 മരണം ആയിരുന്നു സ്ഥിരീകരിച്ചത്. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് ഇക്കോ സ്പോർട്ട് കാർ പാർക്ക് ചെയ്ത വ്യക്തി കൂടി അറസ്റ്റിലായിട്ടുണ്ട്. ഫഹീം ആണ് അറസ്റ്റിലായത്. അറസ്റ്റിലായ ഫഹീം, ഉമറിന്റെ ബന്ധുവെന്നാണ് വിവരം.
സംഭവത്തിൽ ഫരീദാബാദ് സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളെ പൊലീസ് കൂടി കസ്റ്റഡിയിലെടുത്തു. ഹരിയാന കേന്ദ്രീകരിച്ച് നാലാമത്തെ കാറിനായി തെരച്ചിൽ നടന്നുവരികയാണ്. അതിനിടെ, ചെങ്കോട്ട സ്ഫോടനത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സ്ഫോടനത്തിനു മുൻപ് ഉമർ നബി വെള്ള ഐ20 കാറുമായി കൊണാട് പ്ലേസിൽ എത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.