മന്ത്രി സജി ചെറിയനെതിരായ മുൻ മന്ത്രി ജി സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എച്ച് സലാം എംഎൽഎ. പാർട്ടിക്ക് അകത്തുള്ള വിഷയങ്ങൾ മാധ്യമങ്ങളിലൂടെയോ മറ്റോ പുറത്തുപറയുന്ന രീതി ശരിയല്ലെന്ന് എച്ച് സലാം പറഞ്ഞു. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യം അവിടെ പറയുക എന്നുള്ളതാണ് പാർട്ടിയുടെ പൊതുവായ രീതിയെന്നും എച്ച് സലാം കൂട്ടിച്ചേർത്തു.
ഒരു പാർട്ടി മെമ്പർഷിപ്പിൽ നിൽക്കുമ്പോൾ പാർട്ടിക്ക് എതിരായി സംസാരിക്കാൻ പാടില്ല. ഈ നിയമം തനിക്കും സുധാകരനും മറ്റാർക്കും ബാധകമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിക്ക് അകത്ത് പറയാവുന്നതാണ്. പാർട്ടിക്ക് ഒരു പൊതുവായ രീതിയുണ്ട്. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യം അവിടെ പറയുക എന്നുള്ളതാണ് ആ രീതി എന്നും എച്ച് സലാം പറഞ്ഞു.
പാർട്ടിക്ക് അകത്തെ കാര്യങ്ങൾ, അല്ലെങ്കിൽ പാർട്ടിക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ, എതിരാളിക്ക് കയ്യടി കിട്ടുന്ന കാര്യങ്ങൾ എന്നിവ മാധ്യമങ്ങളോടും മറ്റുമെല്ലാം പറയുന്ന രീതി ശരിയല്ല എന്നും എച്ച് സലാം കൂട്ടിച്ചേർത്തു. അതേസമയം തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചുവെന്നും മന്ത്രിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ജി സുധാകരൻ രംഗത്തെത്തിയത്. തന്നെ ഉപദേശിക്കാനുള്ള അർഹത സജി ചെറിയാനില്ലെന്നും ജി സുധാകരൻ പരസ്യമായി പ്രതികരിച്ചിരുന്നു.
തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നും ടീ പാർട്ടി നടത്തിയെന്നും ജി സുധാകരൻ ആരോപിച്ചിരുന്നു. അതിൽ സജി ചെറിയാനും പങ്കാളി ആണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നപടി എടുക്കണം. പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചുവെന്നും ജി സുധാകരൻ പറഞ്ഞു. തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. പുന്നപ്ര വയലാറിന്‍റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു.
പാർട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. തന്നോട് ഏറ്റു മുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ല. അത് നല്ലതിനല്ല. തെരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ പരാതി വന്നു. സജി ചെറിയാൻ അറിയാതെ പരാതി പോകുമോ. സജി ചെറിയാൻ അതിൽ പങ്കാളി അല്ലേയെന്നും ജി സുധാകരന്‍ ചോദിച്ചു. തന്നെ ഉപദേശിക്കാൻ എന്ത് അർഹതയാണ് സജിക്കുള്ളത്. അതിനുള്ള പ്രായമോ യോഗ്യതയോ ഇല്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.