കൊച്ചി തീരത്തിനടുത്ത് ലൈബീരിയന്‍ ചരക്കുകപ്പലായ എംഎസ്‌സി എല്‍സ-3 മുങ്ങിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. കപ്പല്‍ കമ്പനിക്കെതിരെ നടപടിയെടുക്കുന്നതില്‍ ഉപേക്ഷ പാടില്ലെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നേരത്തെ കപ്പല്‍ കമ്പനിക്കെതിരെ നടപടിക്ക് തയ്യാറാവാതെ നിന്ന കേരള സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ട ശേഷമായിരുന്നു കപ്പല്‍ കമ്പനിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറായത്. ഒരു മത്സ്യത്തൊഴിലാളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ ഇറങ്ങിയതെന്നതടക്കം വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍ ഹൈക്കോടതി ഉന്നയിച്ചത്.
കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്നുണ്ടായ മലിനീകരണം നിയന്ത്രിക്കുന്നതിന് പൊതുഖജനാവില്‍നിന്ന് എന്തിനാണ് പണം ചെലവാക്കുന്നതെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. കപ്പല്‍ കമ്പനിയില്‍നിന്ന് പണം ഈടാക്കണമെന്ന നിര്‍ദേശിച്ച ഹൈക്കോടതി കപ്പല്‍ കമ്പനിക്കെതിരെ നടപടി എടുക്കുന്നതില്‍ ഉപേക്ഷ പാടില്ലെന്നും ഉത്തരവിട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിലവില്‍ കോടികള്‍ ചെലവിട്ടാണ് ഓയില്‍ ചോര്‍ച്ചയടക്കമുള്ള നടപടികള്‍ തടയുന്നതും മലിനീകരണം നിയന്ത്രിക്കുന്നതും. കൊച്ചി തീരത്തിനടുത്ത് ലൈബീരിയന്‍ ചരക്കുകപ്പല്‍ മറിഞ്ഞതിന് പിന്നാലെ കോഴിക്കോട് പുറംകടലില്‍ വാന്‍ ഹായ് 503 എന്ന് ചരക്കുകപ്പലിന് തീപിടിച്ചതും സര്‍ക്കാരിന് വന്‍ ബാധ്യതയായിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കേരള തീരത്തെ കപ്പല്‍ അപകടത്തില്‍ ഇടപെടല്‍ നടത്തിയത്. രണ്ട് കപ്പലപകടങ്ങളുടെയും പശ്ചാത്തലത്തില്‍ കൃത്യമായ നടപടികളെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു ഹൈക്കോടതി. ഇതിനെല്ലാം പുറമേ സര്‍ക്കാര്‍ നടപടികള്‍ തങ്ങളെ അറിയിക്കണമെന്ന ശാസനയും കോടതി നല്‍കിയിട്ടുണ്ട്. ഏതൊക്കെ തരത്തില്‍ കപ്പല്‍ കമ്പനിയില്‍നിന്ന് സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാമെന്ന കാര്യം അറിയിക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അലംഭാവം പാടില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് സംസ്ഥാന സര്‍ക്കാരിന് ഇത്. മത്സ്യമേഖലയ്ക്കും സാമ്പത്തിക പരിസ്ഥിതി മേഖലയ്ക്ക് ഉണ്ടാക്കുന്ന നഷ്ടങ്ങളും കമ്പനിയില്‍നിന്ന് ഈടാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനും സംസ്ഥാനത്തിനും സംഭവത്തില്‍ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.