ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം. രാഷ്ട്രപതിയുടെ റഫറന്‍സ് കേന്ദ്ര സര്‍ക്കാരിന്‍റേതാണെന്നും സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രമമെന്നും കേരളത്തിനു വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാൽ കോടതിയിൽ പറഞ്ഞു. ആർട്ടിക്കിൾ 200 പ്രകാരം ബില്ല് ഗവർണർക്ക് നൽകിയാൽ അദ്ദേഹം എന്താണ് ചെയ്യേണ്ടത് എന്നതിന്റെ ഉത്തരമാണ് തമിഴ്നാട് വിധി ന്യായം. എത്രയും വേഗം എന്നതിന് സമയപരിധി ആവശ്യമാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതല. അതിനെ മറികടന്ന് പോകുക എന്നതല്ലെന്നും കേരളം വാദിച്ചു.
അതേസമയം ഡിജിറ്റല്‍ സര്‍വകലാശാലയിലെയും എപിജെ അബ്ദുല്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെയും വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി രംഗത്തെത്തി. ഗവര്‍ണര്‍ നിയമനം നടത്തേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും അതേ മുന്‍ഗണനാക്രമത്തില്‍ നിയമനം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലര്‍ സുപ്രീംകോടതിയെ അറിയിക്കണം. തുടര്‍ന്ന് ഇക്കാര്യത്തില്‍ സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്‌സണാക്കി സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ജഡ്ജിയെ സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടുപേര്‍ ചാന്‍സിലറുടെ നോമിനി, രണ്ടുപേര്‍ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളില്‍ സമിതി രൂപീകരിക്കണം. ഒരു മാസത്തിനുള്ളില്‍ നടപടികളില്‍ പുരോഗതി അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.