ശബരിമലയിലെ സ്വര്‍ണം ഉണികൃഷ്ണന്‍ പോറ്റി ജൂവലറി ബിസിനസുകാരനായ ഗോവര്‍ധന് വിറ്റത് 15 ലക്ഷം രൂപയ്ക്കെന്ന് എസ്‌ഐടിയ്ക്ക് മൊഴി. ഗോവര്‍ധനാണ് എസ്ഐടി സംഘത്തോട് ഉണ്ണികൃ
ഷ്ണന്‍ പോറ്റി ശബരിമലയിലെ സ്വര്‍ണം 15 ലക്ഷത്തിന് തനിക്ക് വിറ്റുവെന്ന് വെളിപ്പെടുത്തിയത്. ശബരിമലയുടെ പേരില്‍ പല തവണകളായി ഉണ്ണികൃഷ്ണന്‍ പോറ്റി 70 ലക്ഷം രൂപയോളം വാങ്ങിയിട്ടുണ്ടെന്നും ഗോവര്‍ധന്‍ അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ട്.
കര്‍ണടകയിലെ ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധനില്‍നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പലപ്പോഴായി 70 ലക്ഷം രൂപ കൈപ്പറ്റിയത് ശബരിമലയിലെ സ്വര്‍ണത്തിന്റെ പേരിലാണ്. ശബരിമലയിലെ പൂജകളുടെയും അന്നദാനത്തിന്റെയും പേരിലാണ് പലപ്പോഴും പണം വാങ്ങിയിരുന്നത്. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് പലതവണകളായി 60 പവനോളം സ്വര്‍ണവും ഗോവര്‍ധനില്‍നിന്ന് കൈക്കലാക്കിയെന്നും അന്വേഷണസംഘം കണ്ടെത്തി. ശബരിമലയിലെ സ്വര്‍ണപ്പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റി ഇവിടെവെച്ച് ഉരുക്കിയശേഷം ബാക്കിവന്ന 476 ഗ്രാം സ്വര്‍ണമാണ് ഗോവര്‍ധന് വിറ്റിരുന്നത്.
2019ലാണ് 476 ഗ്രാം സ്വര്‍ണം വിറ്റ് 15 ലക്ഷത്തോളം രൂപ വാങ്ങിയത്. ഈ സ്വര്‍ണം അന്വേഷണസംഘം ബെല്ലാരിയില്‍നിന്ന് നേരതെത് കണ്ടെടുത്തിരുന്നു. ശബരിമലയിലെ അസിസ്റ്റന്റ് ശാന്തിയാണെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധനുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ഗോവര്‍ധനടക്കമുള്ളവര്‍ ശബരിമല ദര്‍ശനത്തിന് എത്തുമ്പോള്‍ എല്ലാസൗകര്യവും ഏര്‍പ്പാടാക്കി നല്‍കാന്‍ പോറ്റിയുമുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. പോറ്റിയുടെ ശബരിമലയിലെ സ്വാധീനം കണ്ട് ഗോവര്‍ധനടക്കമുള്ളവര്‍ ഇയാള്‍ ശബരിമലയിലെ പ്രധാനിയാണെന്ന് വിശ്വസിച്ചുവെന്നതാണ് ഈ തട്ടിപ്പിന്റെ കാര്യം കൂടുതല്‍ ഗൗരവമാക്കുന്നതും ഉദ്യോഗസ്ഥരടക്കം പലരുടേയും ബന്ധം സംശയത്തിലാക്കുന്നതു. പത്തുവര്‍ഷത്തോളമായി പോറ്റിയുമായി ബന്ധമുണ്ടെന്നും ഗോവര്‍ധന്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
ശബരിമല സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിനെ 14 വരെ റിമാന്‍ഡില്‍ വിടുകയും ചെയ്തിട്ടുണ്ട്. പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്ന് സുധീഷ് കുമാറിന് അറിവുണ്ടായിട്ടും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.