കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
10 വര്‍ഷത്തിന് ശേഷമാണ് അവിണിശ്ശേരിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2020ല്‍ യുഡിഎഫിന് മൂന്നും എല്‍ഡിഎഫിന് അഞ്ചും ബിജെപിക്ക് ആറും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെയെല്ലാം ഇന്നാണ് തിരഞ്ഞെടുക്കുന്നത്. ഗ്രാമ- ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 10:30ന് ആരംഭിച്ചു. ഉപാധ്യക്ഷസ്ഥാനത്തേക്ക് ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കാണ് തിരഞ്ഞെടുപ്പ്. മുന്നണികള്‍ കേവല ഭൂരിപക്ഷം നേടാത്ത പല തദ്ദേശ സ്ഥാപനങ്ങളിലും സ്വതന്ത്രരുടേയും വിമതരുടേയും നിലപാട് നിര്‍ണായകമാണ്. വോട്ടെടുപ്പില്‍ സമനില വന്നാല്‍ നറുക്കെടുപ്പിലേക്കും മറ്റു നാടകീയതകളിലേക്കും വഴിവെക്കുമെന്നതിനാല്‍ പല നീക്കങ്ങളും അട്ടിമറികളും കണ്ടുതുടങ്ങിയിട്ടുണ്ട്.