തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. ശബരിമലയിലെ സ്വർണ കൊള്ളയിൽ എസ്ഐടി അന്വേഷണം നടക്കുന്നതിനിടെയാണ് യോഗം എന്നത് ശ്രദ്ധേയമാണ്. പ്രതി പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റൻറ് എഞ്ചിനീയർ കെ സുനിൽ കുമാറിനെതിരെ യോഗം നടപടി എടുത്തേക്കും. പ്രതിപട്ടികയിലുള്ള വിരമിച്ചവരുടെ പെൻഷൻ അടക്കമുള്ള ആനൂകൂല്യം തടയുന്ന കാര്യത്തിലടക്കം യോഗം ചർച്ച ചെയ്തേക്കും.
2019 ൽ അഡ്മിനിസ്റ്ററേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പ്രതി പട്ടികയിൽ ഉള്ള വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയടക്കം നടപടിയെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, സ്വർണം പൂശിയതുമായി ബന്ധപ്പെട്ട പല നിർണായക രേഖകളും സ്മാർട്ട് ക്രിയേഷനിൽ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇവ കടത്തി കൊണ്ടുപോയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് നീക്കം.