'നമ്മുടെ രാഷ്ട്രപിതാവ് വർഗീയ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ദിനമാണിന്ന്'; പിണറായി വിജയൻ

മഹാത്മ ഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് സർവമത പ്രാർത്ഥനയും നടന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുസ്മരിച്ചു. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വർഗീയ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ദിനമാണിന്ന് എന്ന് തുടങ്ങുന്നതാണ് മുഖ്യമന്ത്രിയുടെ അനുസ്മരണ കുറിപ്പ്. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സം നിൽക്കുന്നതാരായാലും അവരെ ഉന്മൂലനം ചെയ്യുകയെന്ന കുടിലതയുടെ ദൃഷ്ടാന്തമായിരുന്നു ഗാന്ധി വധമെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ച അനുസ്‌മരണ കുറിപ്പിൽ പറയുന്നു.

മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വർഗീയ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ദിനമാണിന്ന്. സാഹോദര്യത്തിലും സൗഹാർദ്ദത്തിലും സാമുദായിക മൈത്രിയിലും അധിഷ്ഠിതമായ ഒരു ഇന്ത്യക്കായി നിലകൊണ്ടതാണ് ഗാന്ധിജിയെ വർഗീയ വാദികൾക്ക് അനഭിമതനാക്കിയത്. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സം നിൽക്കുന്നതാരായാലും അവരെ ഉന്മൂലനം ചെയ്യുകയെന്ന കുടിലതയുടെ ദൃഷ്ടാന്തമായിരുന്നു ഗാന്ധി വധം.

ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷ ആശയങ്ങളും വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. രാജ്യത്ത് മേൽക്കോയ്മ നേടാൻ അധികാരവും സംഘടനാശേഷിയും വർഗീയ ശക്തികൾ ഒരുപോലെ ഉപയോഗിക്കുന്നു. വർഗീയ ധ്രുവീകരണം മൂർച്ഛിപ്പിക്കാനായി ആരാധനാലായങ്ങളെ പോലും ഉപയോഗപ്പെടുത്തുന്നു. ഫെഡറൽ തത്വങ്ങളെ അട്ടിമറിച്ചു സംസ്ഥാനങ്ങളെ നിയന്ത്രണവിധേയമാക്കാൻ ആസൂത്രിത ശ്രമങ്ങൾ നടത്തുന്നു.

രാജ്യത്ത് നടപ്പിലാക്കി വരുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതം ദുഃസ്സഹമാക്കുകയാണ്. ഇതിനെതിരെ ഉയർന്നുവരുന്ന ജനകീയ മുന്നേറ്റങ്ങളെ ശിഥിലമാക്കാനാണ് വർഗീയതയടിസ്ഥാനമാക്കിയുള്ള പ്രചരണങ്ങൾ ശക്തമാക്കുന്നത്. ഈ പ്രതിലോമ നീക്കങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തെ എല്ലാ ജനാധിപത്യ, മതേതര വിശ്വാസികളും ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. കൂടുതൽ സന്തോഷത്തോടെയും സംതൃപ്തിയോടെയും എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു ജീവിക്കുന്ന ഒരു ഇന്ത്യയെ വാർത്തെടുക്കാൻ ഗാന്ധിജിയുടെ പ്രോജ്വല സ്മരണ കരുത്താകും.

‘രക്തസാക്ഷിത്വങ്ങള്‍ ചിലതെല്ലാം ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും. ഗാന്ധി ഘാതകര്‍ക്ക് ഈ രാജ്യത്തെ ഇനിയും വിട്ടു കൊടുക്കാതിരിക്കാം’- എന്നായിരുന്നു ഗാന്ധിയെ അനുസ്മരിച്ചുകൊണ്ടുള്ള കുറിപ്പിൽ പ്രതിപക്ഷ വിഡി സതീശൻ ആഹ്വാനം ചെയ്തത്.

വിഡി സതീശന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

രാജ്യത്തിനും ജനങ്ങള്‍ക്കും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഇന്ത്യയെന്ന ഗംഭീര ദര്‍ശനത്തിനും വേണ്ടി ഒരാള്‍ ജീവന്‍ ത്യജിക്കുന്നു. അയാള്‍ ജീവിച്ചതു മുഴുവന്‍ രാജ്യത്തിനായി, മരണവും അപ്രകാരം തന്നെ. ബിര്‍ള മന്ദിറിന്റെ നടപ്പാതയില്‍ തളംകെട്ടിക്കിടന്ന ചോരയില്‍ നിന്ന് അയാള്‍ അമരനായി ഉയിര്‍ക്കുന്നു. തെളിമയുള്ള കണ്ണുകളോടെ അദ്ദേഹം നമ്മെ നോക്കും, ഓര്‍മ്മിപ്പിക്കും, തിരുത്തും, വഴികാട്ടും. സംഘപരിവാറിന് വെടിവെച്ചിടാനെ ആയുള്ളു. മരണവും കടന്ന് തലമുറകളിലൂടെ ഗാന്ധിജി ജീവിക്കുന്നു.

അമരനായ രക്തസാക്ഷിയെ പ്രണമിക്കുന്ന ഈ ദിനത്തില്‍ ആ കൊലയ്ക്ക് ഉത്തരവാദികളായവരെയും ഓര്‍ക്കണം. മുന്‍പെന്നത്തെക്കാളും ആ ഓര്‍മക്ക് ഇന്ന് അതീവ പ്രാധാന്യമുണ്ട്. രാമ മന്ത്രം ജപിച്ചു തീരാത്ത ചുണ്ടുകളെ നിശബ്ദമാക്കിയവര്‍ രാമന് പ്രാണമന്ത്രം ഓതുന്ന കാലം… ആ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ചവന്റെ ഭീരുത്വത്തിന് പിന്നിലെ ശക്തികളാണ് ചെങ്കോലുമണിഞ്ഞ് ഇന്ന് സിംഹാസനങ്ങളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

വെറുപ്പിന്റെ കോട്ട കൊത്തളങ്ങള്‍ ബലപ്പെടുത്തുകയും വിഭജനത്തിന്റെയും വിഭാഗീയതയുടെയും അധമരാഷ്ട്രീയം പ്രചരിപ്പിക്കുകയുമാണവര്‍. ഇവരുടെ ഇരുട്ടു കോട്ടകള്‍ക്കുള്ളില്‍ ഗാന്ധിയില്ല, രാമനില്ല, ഇന്ത്യയുമില്ല. ഗാന്ധിയുടെ രാമനും സീതയും ഗീതാവാക്യവും സത്യാന്വേഷണങ്ങളുമെല്ലാം ഇന്ത്യയായിരുന്നു. ഈ രാജ്യത്തെ അദ്ദേഹം അത്രത്തോളം ആഴത്തില്‍ സ്‌നേഹിച്ചു.

Latest Stories

INDIAN CRICKET: അപ്പോൾ തീരുമാനിച്ച് ഉറപ്പിച്ച് ആണല്ലോ, നായകനായതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ ഞെട്ടിച്ച് ഗിൽ; പറഞ്ഞത് ഇങ്ങനെ

സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ട് തീര്‍ക്കാന്‍ ഒളിഞ്ഞിരുന്ന് ആഹ്വാനം നടത്തുന്ന കാലം..; വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് മുരളി ഗോപി

9 ഭാഷകളിലും പുതിയ നടിയുടെ പേര്, ദീപികയ്ക്ക് പകരം തൃപ്തി നായികയാകും; ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് താരം

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ കരക്കടിഞ്ഞാല്‍ അടുത്തേക്ക് പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്; കണ്ടെയ്നറില്‍ എന്താണുള്ളതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് മന്ത്രി

CSK VS GT: ഇന്നത്തെ ഗുജറാത്ത് ചെന്നൈ പോരാട്ടം ശരിക്കും ആഘോഷിക്കണം, ആ താരത്തിന്റെ അവസാന മത്സരമാണ് ഇത്; ആരാധകർക്ക് ഷോക്ക് നൽകി മുഹമ്മദ് കൈഫ്

IND VS ENG: 10 കിലോ ഭാരം കുറച്ചിട്ടും എന്തുകൊണ്ട് സർഫ്രാസ് ടീമിന് പുറത്തായി? കാരണം വെളിപ്പെടുത്തി അജിത് അഗാർക്കർ

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബിജെപിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍; ബിജെപി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

INDIAN CRICKET: ക്യാപ്റ്റനായതൊക്കെ കൊളളാം, നന്നായി കളിച്ചില്ലെങ്കില്‍ ഗില്ലിന് എട്ടിന്റെ പണി കിട്ടും, ഇപ്പോ കാണിക്കുന്ന ഫോമൊന്നും പോര, മുന്നറിയിപ്പുമായി ആരാധകര്‍

PBKS VS DC: എടാ തോൽവികളെ നിന്റെയൊക്കെ കൈയിൽ ഓട്ടയാണോ; ക്യാച്ചിങ്ങിൽ അടിപതറി ഡൽഹി ക്യാപിറ്റൽസ്

അപകടത്തില്‍പ്പെട്ട കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതര്‍; കാര്‍ഗോയ്ക്ക് അടുത്തേയ്ക്ക് പോകരുത്; തിരുവനന്തപുരം-കൊല്ലം തീരങ്ങളിലും ജാഗ്രത നിര്‍ദ്ദേശം