വി കെ ഇബ്രാഹിം കുഞ്ഞിന്റെ മരണത്തിലൂടെ പാർട്ടിക്കുണ്ടായത് കനത്ത നഷ്ടമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടിയുടെ മതേതര മുഖവും ഹൃദയങ്ങളിലേക്ക് സ്നേഹപ്പാലം പണിത വ്യക്തിയുമാണ് വി കെ ഇബ്രാഹിം കുഞ്ഞെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വി.കെ ഇബ്രാഹിം കുഞ്ഞിനോടുള്ള ആദരസൂചകമായി പാർട്ടിയുടെയും പോഷക സംഘടനകളുടെയും മൂന്ന് ദിവസത്തെ (2025 ജനുവരി 6,7,8 ചൊവ്വ, ബുധൻ, വ്യാഴം) പൊതുപരിപാടികൾ മാറ്റിവെച്ചതായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംഎസ്എഫിലൂടെയാണ് വി കെ ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു.
മട്ടാഞ്ചേരി മണ്ഡലത്തിന്‍റെ അവസാന എംഎല്‍എയും കളമശ്ശേരി മണ്ഡലത്തിന്‍റെ ആദ്യ എംഎല്‍എയുമാണ് വി കെ ഇബ്രാഹിംകുഞ്ഞ്. 2005 മുതല്‍ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് മന്ത്രിയായിരുന്നു. മുസ്‍ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ അദ്ദേഹം എംഎല്‍എയായി. നിലവില്‍ ഐയുഎംഎല്‍ നാഷണല്‍ എക്സിക്യൂട്ടിവ് അംഗമായിരുന്നു.