നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോയ്‌ക്കെതിരെ വൈകാരിക പ്രതികരണവുമായി അതിജീവിത. രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെയാണ് അതിജീവിത കുറിപ്പ് പങ്കുവച്ചത്. ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ എന്നും തന്നെ ജീവിക്കാൻ അനുവദിക്കൂ എന്നും അതിജീവിത കുറിപ്പിൽ പറയുന്നു.
കുറിപ്പ്:
‘ഞാൻ ചെയ്‌ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!! അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ video പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു, അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!! ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!!
Not a victim, not a survivor, just a simple human being!! let me live.’
നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് ശേഷമാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. കേസിന്റെ വിചാരണ കാലയളവില്‍ മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഈ വീഡിയോ ചിത്രീകരിച്ചത്. വിചാരണ കോടതി തള്ളിയ വാദങ്ങളാണ് ഈ വീഡിയോയുടെ ഉള്ളടക്കം. ഇതില്‍ അതിജീവിതയുടെ പേരും വെളിപ്പെടുത്തുന്നുണ്ട്.